രാഷ്ട്രപതി പങ്കെടുത്ത ബിരുദദാന ചടങ്ങില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ പുറത്താക്കി

By Web TeamFirst Published Dec 23, 2019, 3:50 PM IST
Highlights

രാഷ്ട്രപതിയുടെ സുരക്ഷാ ഭടന്മാരാണ് വിദ്യാര്‍ത്ഥിനിയോട് പുറത്തുപോകാന്‍ ആവശ്യമെന്നാണ് വിവരം. 

ചെന്നൈ: പോണ്ടിച്ചേരി സർവകലാശാലയിലെ ബിരുദദാന ചടങ്ങിനിടെ മലയാളി വിദ്യാര്‍ത്ഥിനിയെ പുറത്താക്കിയെന്ന് പരാതി. എം എ  മാസ് കമ്യൂണിക്കേഷന്‍ സ്വര്‍ണമെഡല്‍ ജേതാവായ റബീഹയെയാണ് ചടങ്ങില്‍ നിന്ന് പുറത്താക്കിയത്. രാഷ്ട്രപതിയുടെ സുരക്ഷാ ഭടന്മാരാണ് വിദ്യാര്‍ത്ഥിനിയോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടത് എന്നാണ് വിവരം. 

"

189 പേരിൽ തിരഞ്ഞെടുത്ത പത്ത് പേർക്ക് മാത്രം നേരിട്ട് ബഹുമതി സമ്മാനിച്ച ശേഷം രാഷ്ട്രപതി രാം നാഥ് കോവിന്ദ് മടങ്ങിയ ശേഷമാണ് റബീഹയ്ക്ക് ഹാളില്‍ പ്രവേശിക്കാന്‍ അനുമതി ലഭിച്ചത്. തനിക്ക് നേരിട്ട മനോവിഷമത്തേക്കുറിച്ച് സര്‍വ്വകലാശാല അധികൃതരോട് റബീഹ വിശദമാക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. പ്രതിഷേധ സൂചകമായി സ്വര്‍ണ മെഡല്‍ നിരസിച്ചു റബീഹ. എന്നാല്‍ സര്‍വകലാശാല അധികൃതര്‍ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. അതേസമയം പോണ്ടിച്ചേരി സർവകലാശാലയിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ്  പങ്കെടുത്ത ബിരുദദാന ചടങ്ങ് മൂന്ന് വിദ്യാർത്ഥികൾ ബഹിഷ്കരിച്ചു. പൗരത്വ ഭേദഗതി നിയമത്തിലും, സർവകലാശാലകളിലെ പൊലീസ് നടപടികളിലും പ്രതിഷേധിച്ചാണ് ചടങ്ങ് ബഹിഷ്കരിച്ചത്.

"

ഇലക്ട്രോണിക് മീഡിയ ഒന്നാം റാങ്കുകാരി കാർത്തിക, പിഎച്ച്ഡി ജേതാക്കളായ അരുൺകുമാർ, മെഹല്ല എന്നിവരാണ് ചടങ്ങ് ബഹിഷ്കരിച്ച് പ്രതിഷേധിച്ചത്.  വിദ്യാർത്ഥികളുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് സർവകലാശാലയിൽ ഒരുക്കിയിരുന്നത്. കേന്ദ്ര സേനയുടെ വലയത്തിലായിരുന്നു സര്‍വകലാശാല പരിസരം. മൊബൈല്‍ ഫോണ്‍ പോലും ഹാളിനുള്ളില്‍ അനുവദിച്ചിരുന്നില്ല. 

click me!