ദയാവധം തേടി വിദേശത്തേക്ക് പോകാന്‍ ശ്രമം; സുഹൃത്തിന്‍റെ യാത്ര തടയണമെന്ന് ആവശ്യപ്പെട്ട് മലയാളി യുവതി

By Dhanesh RavindranFirst Published Aug 12, 2022, 7:39 PM IST
Highlights

യുവാവിന് ഇന്ത്യയിലോ വിദേശത്തോ ആവശ്യമായ ചികിത്സ ലഭ്യമാക്കാന്‍ സാമ്പത്തിക സ്ഥിതിയുണ്ട്. എന്നാല്‍ യുവാവ് തനിക്കിനി ജീവിച്ചിരിക്കേണ്ട എന്ന കടും പിടുത്തത്തിലാണെന്ന് പരാതിക്കാരിയുടെ ഹര്‍ജിയില്‍ പറയുന്നു

ദില്ലി: ഗുരുതര രോഗം ബാധിച്ച സുഹൃത്ത് ദയാവധം തേടി സ്വിറ്റ്‌സര്‍ലന്റിലേക്ക് പോകാന്‍ ഒരുങ്ങുന്നത് തടയണം എന്നാവശ്യപ്പെട്ട് കുടുംബ സുഹൃത്തും മലയാളിയുമായ വനിത ദില്ലി  ഹൈക്കോടതിയെ സമീപിച്ചു . തന്റെ സുഹൃത്തിന് എമിഗ്രന്‍റ്സ് ക്ലിയറന്‍സ് നല്‍കരുത് എന്നാവശ്യപ്പെട്ടാണ് വനിതാ സുഹൃത്ത് ദില്ലി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. നാല്‍പതു വയസുള്ള നോയിഡ സ്വദേശിക്ക് മയാള്‍ജിക് എന്‍സിഫലോമിലിറ്റിസ് എന്ന രോഗമാണ് ബാധിച്ചിരിക്കുന്നത്. നാഡീവ്യൂഹത്തെ ബാധിക്കുന്ന ഈ രോഗം കടുത്ത തളര്‍ച്ചയിലേക്ക് വഴി തെളിക്കും. 2014ല്‍ രോഗം ബാധിച്ച യുവാവ് ഇപ്പോള്‍ പൂര്‍ണമായും കിടപ്പിലാണ്. 

വീടിനുള്ളില്‍ ഏതാനും ചുവടുകള്‍ മാത്രമേ നോയിഡ സ്വദേശിക്ക് നടക്കാന്‍ കഴിയൂ. അസുഖത്തിന്റെ ആരംഭ കാലത്ത് എയിംസിലായിരുന്നു ചികിത്സ. പിന്നീട് കൊവിഡ് വ്യാപനം രൂക്ഷമായതോടെ ചികിത്സ തുടരാനാകാതെ വന്നു. യുവാവിന് ഇന്ത്യയിലോ വിദേശത്തോ ആവശ്യമായ ചികിത്സ ലഭ്യമാക്കാന്‍ സാമ്പത്തിക സ്ഥിതിയുണ്ട്. എന്നാല്‍ യുവാവ് തനിക്കിനി ജീവിച്ചിരിക്കേണ്ട എന്ന കടുംപിടുത്തത്തിലാണെന്നും പരാതിക്കാരിയുടെ ഹര്‍ജിയില്‍ പറയുന്നു. യുവാവിന്റെ ജീവിതത്തില്‍ ഇനിയും പ്രതീക്ഷകള്‍ ബാക്കിയാണെന്നും ആരോഗ്യ നില മെച്ചപ്പെടാനുള്ള സാധ്യതകളുണ്ടെന്നും സുഹൃത്ത് നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. ഇവര്‍ ബാംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ മലയാളിയാണ്. 

ഒരു വിദഗ്ധ മെഡിക്കല്‍ സമിതി രൂപീകരിച്ച് യുവാവിന്റെ ആരോഗ്യനില വിശദമായി വിലയിരുത്തണം. ഇതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കണം. ചികിത്സയ്ക്കായി എന്ന പേരിലാണ് ഇയാള്‍ സ്വിറ്റ്‌സര്‍ലന്റിലേക്ക് വിസയ്ക്ക് അപേക്ഷിച്ചിരിക്കുന്നത്. അതിനാല്‍ ഇയാള്‍ക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് നല്‍കരുതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെടണം. അപൂര്‍വ സാഹചര്യം കണക്കിലെടുത്ത് ഇയാളുടെ തുടര്‍ ചികിത്സയ്ക്ക് വഴിയൊരുക്കണമെന്നും അഭിഭാഷകനായ കെ.ആര്‍ സുഭാഷ് ചന്ദ്രന്‍ മുഖേന നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. 

Read More : Cancer in Men : ക്യാൻസര്‍ സാധ്യത കൂടുതലും പുരുഷന്മാരിലോ? അറിയാം ഇതിന്‍റെ സത്യാവസ്ഥ

ഹര്‍ജി കോടതി അടുത്ത ആഴ്ച പരിഗണിക്കും. സ്വിറ്റ്‌സര്‍ലണ്ടില്‍ ജനഹിത പരിശോധന നടത്തി ദയാവധം നിയമവിധേയമാക്കിയ രാജ്യമാണ്. ദയാവധം ആവശ്യപ്പെടുന്നവരുടെ ആരോഗ്യ നിലയും അപൂര്‍വ ദുരിത സാഹചര്യവും വിലയിരുത്തിയാണ് അനുമതി നല്‍കുന്നത്. രുതര രോഗങ്ങള്‍ ബാധിച്ചവര്‍ അടക്കം പല രാജ്യങ്ങളില്‍ നിന്നായി ഇതേ ആവശ്യം ഉന്നയിച്ച് സ്വിറ്റസര്‍ലന്റിലേക്ക് എത്തുന്നുണ്ട്. അതെസമയം  ആത്മഹത്യ ടൂറിസം പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ച് സ്വിറ്റസര്‍ലന്റിനെതിരേ രാജ്യവ്യാപകമായി വിമര്‍ശനവും ഉയരുന്നുന്നുണ്ട്.

click me!