
ബെംഗളൂരു: ഐടി ഹബ്ബായ ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മലയാളി യുവാക്കൾ. അനധികൃത പാർക്കിംഗുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നായിരുന്നു സംഭവം. ബി.എം.ടി.സി റിട്ടയേർഡ് കണ്ടക്ടറെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയും, പിടികൂടാനെത്തിയ നാട്ടുകാരെ ആക്രമിക്കുകയും ചെയ്ത രണ്ട് മലയാളി യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പരപ്പന അഗ്രഹാര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ടാക്സി കാറിലെത്തിയ യുവാക്കൾ വാഹനം വഴിതടസ്സപ്പെടുത്തുന്ന രീതിയിൽ അനധികൃതമായി പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ടാണ് തർക്കം ആരംഭിച്ചത്. ചോദ്യം ചെയ്ത റിട്ടയേർഡ് ബി.എം.ടി.സി കണ്ടക്ടറെ യുവാക്കൾ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. രക്തം വാർന്ന് വീണ ഇദ്ദേഹത്തെ രക്ഷിക്കാനും അക്രമികളെ പിടികൂടാനുമായി ഓടിക്കൂടിയ നാട്ടുകാർക്ക് നേരെയും യുവാക്കൾ തിരിഞ്ഞു. കയ്യിൽ കിട്ടിയ ശീതളപാനീയ കുപ്പികളും കല്ലുകളും ഉപയോഗിച്ച് ഇവർ നടുറോഡിൽ അക്രമം അഴിച്ചുവിട്ടു.
ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാക്കളെ ഒടുവിൽ നാട്ടുകാർ സാഹസികമായി പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. അക്രമം നടത്തിയ യുവാക്കൾ ലഹരി മരുന്നിന് അടിമകളാണെന്നാണ് പ്രാഥമിക സംശയം. ഇവരുടെ ബാഗ് പരിശോധിച്ച പോലീസ് നിരോധിത ലഹരിമരുന്നെന്ന് സംശയിക്കുന്ന വെളുത്ത പൊടി അടങ്ങിയ പാക്കറ്റ് കണ്ടെടുത്തു. ഇത് രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതേസമയം, നടുറോഡിൽ യുവാക്കൾ നടത്തിയ അതിക്രമത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam