'പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സർക്കാരിന് അവകാശമില്ലെന്നിരിക്കെ, മഹാരാഷ്ട്രയുടെ അധികാരം ഗുജറാത്ത് സർക്കാർ തട്ടിയെടുക്കുകയായിരുന്നു'

ദില്ലി : ബിൽക്കിസ് ബാനു കൂട്ട ബലാത്സംഗ കേസ് പ്രതികളുമായി ഗുജറാത്ത് സർക്കാർ ഒത്തുകളിച്ചെന്ന് പ്രതികളെ വിട്ടയച്ച ഗുജറാത്ത് സർക്കാർ വിധി റദ്ദാക്കിയ സുപ്രീംകോടതിയുടെ നിരീക്ഷണം. ബിൽക്കിസ് ബാനു കേസിൽ വിചാരണ നടന്നത് മഹാരാഷ്ട്രയിലാണ്. അതിനാൽ മഹാരാഷ്ട്രാ സർക്കാരിനാണ് പ്രതികളെ വിട്ടയക്കുന്നതിൽ തീരുമാനമെടുക്കാൻ അവകാശമുളളത്. പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സർക്കാരിന് അവകാശമില്ലെന്നിരിക്കെ, മഹാരാഷ്ട്രയുടെ അധികാരം ഗുജറാത്ത് സർക്കാർ തട്ടിയെടുക്കുകയായിരുന്നു. ഇല്ലാത്ത അധികാരത്തിന്റെ ദുർവിനിയോഗമാണ് ഗുജറാത്ത് സർക്കാരിന്റെ ഭാഗത്ത് നിന്നും നടന്നതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ11 പ്രതികളെയും ​വിട്ടയച്ച ഗുജറാത്ത് സർക്കാർ നടപടി സുപ്രീംകോടതിയുടെ ജസ്റ്റിസ് ബി വി നാഗരത്ന അധ്യക്ഷനായ ബഞ്ച് റദ്ദാക്കുകയായിരുന്നു. പ്രതികൾ സുപ്രീംകോടതിയിൽ നിന്ന് നേരത്തെ അനുകൂല വിധി നേടിയത് കോടതിയെ തെറ്റിധരിപ്പിച്ചായിരുന്നു. യഥാർത്ഥ വിവരങ്ങൾ മറച്ചുവച്ചു. ഒരു സ്ത്രീ ഏതു വിഭാഗത്തിൽ പെട്ടതാണെങ്കിലും സമൂഹത്തിൽ ബഹുമാനം അർഹിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. 

അഭിമാനിക്കാവുന്ന വിധിയെന്ന് കെ അജിത

ബിൽക്കിസ് ബാനു കേസിലെ 11 പ്രതികളും മോചിപ്പിച്ചത് റദ്ദാക്കിയത് അഭിമാനിക്കാവുന്ന വിധിയെന്ന് കേസിൽ കക്ഷിയായിരുന്ന കെ അജിത ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. മോദി സർക്കാർ നയത്തിന് അനുസരിച്ച് പ്രവർത്തിക്കുന്ന ഗുണ്ടകളായിരുന്നു പ്രതികളെന്ന അനുമാനത്തിൽ വേണം കേസിനെ വിലയിരുത്താൻ. അതുകൊണ്ടാകാം ഇവരെ വിട്ടയക്കാൻ ഗുജറാത്ത് സർക്കാർ തിരുമാനിച്ചത്. ബിൽക്കിസ് ബാനുവിന് നീതി ലഭിക്കേണ്ടത് വളരെ ആവശ്യമായിരുന്നു. നീതി ന്യായ വ്യവസ്ഥയെ തന്നെ ചോദ്യം ചെയ്യുന്ന രീതിയിലായിരുന്നു പ്രതികളെ ഗുജറാത്ത് സർക്കാർ വിട്ടയച്ചത്. അന്വേഷി ഇതിൽ കക്ഷിചേർന്നിരുന്നു. ഈ വിജയത്തിൽ അഭിമാനമാണെന്നും കെ. അജിത ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.


സ്ത്രീകൾക്കും നിയമത്തെ ബഹുമാനിക്കുന്നവർക്കും ആശ്വാസകരമായ വിധിയെന്ന് ആനി രാജ

സ്ത്രീകൾക്കും നിയമത്തെ ബഹുമാനിക്കുന്നവർക്കും ആശ്വാസകരമായ വിധിയാണെന്ന് സിപിഐ നേതാവ് ആനി രാജയും പ്രതികരിച്ചു. നിരവധി സ്ത്രീപക്ഷ നിയമങ്ങളുണ്ടെങ്കിലും അതിനെല്ലാം കടലാസിന്റെ വിലപോലുമില്ലാതാക്കുന്ന നടപടിയായിരുന്നു ഗുജറാത്ത് സർക്കാരിന്റേത്. ആ സാഹചര്യത്തെ മാറ്റിക്കൊണ്ടാണ് സുപ്രീംകോടതിയുടെ ഉത്തരവ്. അങ്ങേയറ്റം ആശ്വാസകരമാണെന്നും ആനി രാജ പ്രതികരിച്ചു.

കൊച്ചിയിൽ ലോഡ്ജിൽ താമസിക്കാനെത്തിയ യുവതിയെ ഉടമയും സുഹൃത്തും ചേർന്ന് ആക്രമിച്ചു; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

YouTube video player

YouTube video player

YouTube video player