
ദില്ലി: മാലദ്വീപ് ജുവനൈൽ കോടതിയുടെ വെബ്സൈറ്റ് ഇന്ത്യൻ ഹാക്കർമാർ ഹാക്ക് ചെയ്തു. കേരളത്തിൽ നിന്നുള്ളൾപ്പടെയുള്ള വിവിധ ഗ്രൂപ്പുകൾ ചേർന്നാണ് വെബ്സൈറ്റ് ഹാക്ക് ചെയ്തത്. മന്ത്രിമാരുടെ അധിക്ഷേപ പരാമർശങ്ങൾക്കുള്ള മറുപടിയാണിതെന്നും സൈറ്റിൽ മുന്നറിയിപ്പ് നൽകി.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ മന്ത്രിമാരുടെ പരാമർശത്തിൽ പ്രതിഷേധം ശക്തമായിരുന്നു. മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെയാണ് മാലദ്വീപ് യുവജനവകുപ്പ് സഹമന്ത്രി മറിയം ഷിവുന അപകീർത്തികരമായ പരാമർശം നടത്തിയത്. സഹമന്ത്രിമാരായ മാൽഷ, ഹസൻ സിഹാൻ എന്നിവരും ഇതേറ്റുപിടിച്ച് സമൂഹമാധ്യമമായ എക്സിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയിരുന്നു. ലക്ഷദ്വീപിനെ മാലദ്വീപിനോട് ഉപമിക്കുന്നതിനെതിരായ പോസ്റ്റുകളും ഇവർ പങ്കുവച്ചിരുന്നു. ഈ പരാമർശങ്ങളും വലിയ വിവാദമായി. സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനമുയർന്നു. മാലദ്വീപ് മുൻ പ്രധാനമന്ത്രി മൊഹമ്മദ് നഷീദുൾപ്പടെ ഇതിനെതിരെ രംഗത്തുവന്നു. ഇന്ത്യക്കെതിരായ പരാമർശം സർക്കാർ നയമല്ലെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. ബോളിവുഡ് താരങ്ങളുൾപ്പടെ പരാമർശം അപലപിക്കുന്നതിനൊപ്പം വിനോദയാത്രകൾക്കായി ലക്ഷദ്വീപുൾപ്പടെയുള്ള ഇന്ത്യൻ ദ്വീപുകളെ പരിഗണിക്കണമെന്നും ആഹ്വാനം ചെയ്തിരുന്നു.