
ദില്ലി : പാർലമെന്റിൽ വായടപ്പിക്കാനുള്ള കേന്ദ്രസർക്കാർ ശ്രമം അംഗീകരിക്കില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. അദാനിക്കെതിരായ ആരോപണങ്ങൾ പരിശോധിക്കാൻ പോലും അന്വേഷണ ഏജൻസികൾ തയ്യാറാകുന്നില്ലെന്നും ഖർഗെ ആരോപിച്ചു. ഖര്‍ഗെയുടെ പരാമര്‍ശങ്ങള്‍ രേഖയില്‍ നിന്ന് നീക്കിയതിനെതിരെ രാജ്യസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധിച്ചു. മോദി അദാനി വിരുദ്ധ പരാമർശങ്ങളാണ് രാജ്യസഭാ രേഖയിൽ നിന്ന് നീക്കിയത്. ഹിൻറൻബർഗ് റിപ്പോർട്ടിൽ ജെപിസി അന്വേഷണം വേണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
മൗനിബാബയെന്ന വാക്ക് എങ്ങനെ അസഭ്യമാകുമെന്ന് മല്ലികാർജുൻ ഖർഗെ ചോദിച്ചു. മൻമോഹൻ സിംഗിനെയും നരസിംഹറാവുവിനെയും ബിജെപി അങ്ങനെ വിശേഷിപ്പിച്ചിട്ടുണ്ട്. ജെപിസി അന്വേഷണം ആവശ്യപ്പെടുന്നത് എങ്ങനെ സഭാ ചട്ടത്തിന് വിരുദ്ധമാകും? വായടപ്പിക്കാനുള്ള ശ്രമം അംഗീകരിക്കില്ല. എൽഐസിയിലും എസ്ബിഐയിലും ജനങ്ങളുടെ കോടിക്കണക്കിന് പണം ഉണ്ട്. അത് അദാനിക്ക് കൈമാറിയത് ചോദ്യം ചെയ്യേണ്ടേ? അന്വേഷണ ഏജൻസികൾ അദാനിക്കെതിരായ ആരോപണങ്ങൾ പരിശോധിക്കാൻ പോലും തയ്യാറാകുന്നില്ല. പാർലമെൻററി ജീവിതത്തിൽ ഇത്തരത്തിലൊരു അനുഭവം ആദ്യമാണെന്നും ഖർഗെ പറഞ്ഞു.