
ദില്ലി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ചില നേതാക്കൾ തന്റെ എതിരാളിയായ മല്ലികാർജുൻ ഖാർഗെയെ പരസ്യമായി പിന്തുണയ്ക്കുന്നുവെന്ന ശശി തരൂരിന്റെ ആരോപണത്തിന് മറുപടിയുമായി ഖാർഗെ രംഗത്ത്. തങ്ങൾ സഹോദരങ്ങളാണെന്നും പരസ്പരം പ്രതികാരബുദ്ധിയില്ലെന്നുമാണ് ഖാർഗെ പ്രതികരിച്ചത്. "ഞങ്ങൾ സഹോദരങ്ങളാണ്. ചിലർ വേറെ രീതിയിൽ പറഞ്ഞെന്നിരിക്കും. ഞാനത് വ്യത്യസ്തമായി പറയാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ തമ്മിൽ പക്ഷഭേദമില്ല". ഖാർഗെ പറഞ്ഞു.
പല പിസിസി മേധാവികളും മുതിർന്ന നേതാക്കളും അവരവരുടെ സംസ്ഥാനങ്ങൾ സന്ദർശിക്കുമ്പോൾ താനുമായുള്ള കൂടിക്കാഴ്ച്ച ഒഴിവാക്കുന്നതായി തരൂർ ആരോപിച്ചിരുന്നു. ഇത് കളിക്കളം പക്ഷഭേദമുള്ളത് ആയതിനാലാണ്. ഈ നേതാക്കളെല്ലാം ഖാർഗെയെ ഊഷ്മളമായി സ്വാഗതം ചെയ്യുന്നുവെന്നും തരൂർ പറഞ്ഞിരുന്നു. "സംവിധാനത്തിൽ പാളിച്ചകളുണ്ട്, അത് നമുക്കെല്ലാവർക്കും അറിയാം. പാർട്ടിയുടെ അധ്യക്ഷ തിരഞ്ഞെടുപ്പ് 22 വർഷമായി നടക്കാത്തതാണ് പ്രശ്‌നം" തരൂർ പറഞ്ഞിരുന്നു.
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമായ രീതിയിൽ നടക്കുമെന്നും ഖാർഗെയുമായി ശത്രുതയില്ലെന്നും തരൂർ പിന്നാലെ വ്യക്തമാക്കിയിട്ടുണ്ട്. ശത്രുകൾ തമ്മിലുള്ള പോരാട്ടമല്ല നടക്കുന്നത്. കോൺഗ്രസിന് പുതിയ ഊർജ്ജം നൽകാനാണ് മത്സരിക്കുന്നത്. രഹസ്യ ബാലറ്റാണ് വോട്ടിങ്ങിന് ഉപയോഗിക്കുന്നത്. പൂർണമായും രഹസ്യാത്മകത നിലനിർത്തിയാകും വോട്ടിങ് നടക്കുന്നത്. സംവിധാനത്തിലെ ചില പിഴവുകൾ ആണ് താൻ ചൂണ്ടിക്കാണിക്കുന്നത്. പലർക്കും മേൽവിലാസമില്ല, വിവരങ്ങൾ ഇല്ല. അതുകൊണ്ട് ബന്ധപ്പെടാൻ കഴിയുന്നില്ല.പി സി സി തലത്തിലും താഴേത്തട്ടിലും തെരഞ്ഞെടുപ്പ് വേണമെന്നും തരൂർ പറഞ്ഞു. മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കായി രമേശ് ചെന്നിത്തല പ്രചരണം നടത്തുന്നത് തെരഞ്ഞെടുപ്പ് അതോറിറ്റി പരിശോധിക്കണമെന്നും തരൂർ ആവശ്യപ്പെട്ടിട്ടുണ്ട്.
80 കാരനായ ഖാർഗെ ഗാന്ധി കുടുംബവുമായുള്ള അടുപ്പം കാരണം പാർട്ടിയിലെ ഉന്നതർക്ക് പ്രിയപ്പെട്ട വ്യക്തിയാണെന്നും അദ്ദേഹം പാർട്ടിയുടെ 'അനൗദ്യോഗിക ഔദ്യോഗിക സ്ഥാനാർത്ഥി'യാണെന്നും പ്രചാരണം ശക്തമാണ്. അതേസമയം, ഗാന്ധികുടുംബത്തിന് തെരഞ്ഞെടുപ്പിൽ നിഷ്പക്ഷനിലപാടാണ് ഉള്ളതെന്ന് തരൂർ ആവർത്തിക്കുന്നു. ഒക്ടോബർ 17നാണ് പാർട്ടി അധ്യക്ഷ തെരഞ്ഞെടുപ്പ്. 19ന് ഫലം പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പിൽ ഭാരവാഹികൾ മല്ലികാർജ്ജുൻ ഖാർഗെക്ക് പരസ്യ പിന്തുണ അറിയിക്കുന്നതിൽ പ്രതിഷേധിച്ച്, ശശി തരൂരിനെ പിന്തുണക്കുന്നവർ രേഖാമൂലം ഹൈക്കമാൻഡിന് പരാതി നൽകിയിട്ടുണ്ട്.
Read Also: കർണാടക പിസിസി ഖാർഗെക്കൊപ്പം; പരസ്യപിന്തുണയിൽ പരാതി നൽകി തരൂർ അനുകൂലികൾ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam