ദില്ലി: കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ മല്ലികാർജ്ജുൻ ഖാർഗെയും മത്സരിക്കും. ഇന്ന് രാവിലെ ദിഗ്‌വിജയ് സിംഗും മല്ലികാർജ്ജുൻ ഖാർഗെയും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. നേരത്തെ മുകുൾ വാസ്നികും മത്സരിക്കുമെന്ന വാർത്തകൾ വന്നിരുന്നു. ഹൈക്കമാന്റിന്റെ മുഖ്യപരിഗണനയിലുള്ള പേരുകളാണ് ഇവരുടേത്.
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെുപ്പിനെ കുറിച്ച് മല്ലികാർജ്ജുൻ ഖാർഗെയോട് ഹൈക്കമാന്റ് സംസാരിച്ചു. ഖാർഗെ ഉച്ചക്ക് നാമനിർദേശ പത്രിക സമർപ്പിക്കും. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക നൽകുന്നതിനുള്ള അവസാന തിയതി ഇന്നാണ്. ഇന്ന് പകൽ 11 മണി മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെയാണ് പത്രിക സമർപ്പിക്കാനുള്ള സമയം. ദിഗ് വിജയ് സിങ്ങും മുകുൾ വാസ്നിക്കും ശശി തരൂരും ഇന്ന് പത്രിക സമർപ്പിക്കുന്നുണ്ട്.
ജി 23 നേതാക്കളിൽ ഒരാളും പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സൂചന. ഇതിനിടയിലാണ് മല്ലികാർജുൻ ഖാർഗെയോടും ഹൈക്കമാന്റ് സംസാരിച്ചത്. ഉച്ചക്ക് 12.15 നാണ് തരൂർ സ്ഥാനാർഥി പത്രിക സമർപ്പിക്കുക. ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം ഉള്ള അശോക് ഗെലോട്ടിനെ സ്ഥാനാർഥിയാക്കാനായിരുന്നു എഐസിസിയുടെ നീക്കം. എന്നാൽ രാജസ്ഥാൻ മുഖ്യമന്ത്രി പദം രാജിവയ്ക്കില്ലെന്ന നിലപാടിൽ ഗെലോട്ട് ഉറച്ചതോടെയാണ് സോണിയ ഗാന്ധി മറ്റു നീക്കങ്ങൾ തുടങ്ങിയത്.
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന് തീരുമാനിക്കുകയാണെങ്കിൽ സ്ഥാനാർത്ഥികൾക്ക് പത്രിക പിന്‍വലിക്കാനുള്ള തീയതി ഒക്ടോബര്‍ എട്ടാണ്. മത്സരം നടക്കുമോയെന്ന് എട്ടിന് വ്യക്തമാകും. മത്സരമുണ്ടെങ്കില്‍ 17ന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും 19നാണ്. അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ശശി തരൂരിനെ പിന്തുണക്കുമെന്ന് എംകെ രാഘവൻ എംപി, കെഎസ് ശബരിനാഥൻ ഉള്‍പ്പെടെയുള്ള പതിനഞ്ചോളം പേര്‍ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam