രാജ്യസഭാ പ്രതിപക്ഷ നേതാവായി മല്ലികാര്‍ജ്ജുൻ ഖാര്‍ഗെ തുടരും, പകരക്കാരനെ കണ്ടെത്താനായില്ല

By Web TeamFirst Published Dec 2, 2022, 2:38 PM IST
Highlights

നാളെ സോണിയ ഗാന്ധി വിളിച്ച പാർലമെൻററികാര്യ സമിതി യോഗം ഇക്കാര്യം ചർച്ച ചെയ്യും

ദില്ലി: രാജ്യസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനത്ത് മല്ലികാര്‍ജ്ജുൻ ഖാര്‍ഗെ തുടരും. ഇദ്ദേഹത്തിന് പകരം ആരെന്ന കാര്യത്തിൽ തീരുമാനമാകാത്ത സാഹചര്യത്തിലാണ് തീരുമാനം. കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ മല്ലികാര്‍ജ്ജുൻ ഖാര്‍ഗെ രാജ്യസഭാ അധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു.  വരാനിരിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ കൂടി ഖാര്‍ഗെ രാജ്യസഭയിൽ പ്രതിപക്ഷ നേതാവായി തുടരും. നാളെ സോണിയ ഗാന്ധി വിളിച്ച പാർലമെൻററികാര്യ സമിതി യോഗം ഇക്കാര്യം ചർച്ച ചെയ്യും. 

രാജ്യസഭ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെച്ചുകൊണ്ടുള്ള കത്ത് പാ‍ര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്കാണ് നേരത്തെ മല്ലികാ‍ര്‍ജ്ജുൻ ഖാ‍ര്‍ഗെ നൽകിയിരുന്നത്.  ചിന്തൻ ശിബിരിലെ തീരുമാനമനുസരിച്ച് ഒരാള്‍ക്ക് ഒരു പദവിയെന്ന മാനദണ്ഡമാണ് ഖാർഗെ പ്രതിപക്ഷ നേതൃ സ്ഥാനം രാജി വെക്കാൻ കാരണം. രാജ്യസഭ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പി ചിദംബരം, ദിഗ്‍വിജയ് സിങ്, മുകുള്‍ വാസ്നിക്ക എന്നിവരെയാണ് കോൺഗ്രസ് പരിഗണിച്ചിരുന്നത്. എന്നാൽ ഒരാളെ കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് ഖാര്‍ഗെ തന്നെ തുടരട്ടെയെന്ന നിലപാടിലേക്ക് പാര്‍ട്ടി എത്തിയത്.

click me!