
കൊല്‍ക്കത്ത: പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്തുടനീളം വന്‍ പ്രതിഷേധങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അസമും ത്രിപുരയുമടക്കം ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ ശക്തമായ പ്രക്ഷോഭത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. ബില്ലിനെതിരെ ബംഗാള്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് വന്നിരിക്കുകയാണ്. പൗരത്വ ഭേദഗതി ബില്ലിനെതിരെ കൊല്‍ക്കത്തയില്‍ മെഗാ റാലിക്ക് വെസ്റ്റ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആഹ്വാനം ചെയ്തു.
ഏത് സാഹചര്യത്തിലും പൗരത്വ ഭേദഗതി ബില്‍ വെസ്റ്റ് ബംഗാളില്‍ നടപ്പാക്കാന്‍ സമ്മതിക്കില്ലെന്ന് മമത ബാനര്‍ജി ആവര്‍ത്തിച്ച് വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധങ്ങളുടെ പരമ്പര സംഘടിപ്പിക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ തീരുമാനം. മെഗാ റാലി തിങ്കളാഴ്ച്ച അംബേദ്ക്കര്‍ പ്രതിമക്കടുത്ത് നിന്ന് തുടങ്ങുമെന്നും മമത റാലിയില്‍ പങ്കെടുക്കുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ട്വിറ്ററില്‍ പങ്കുവെച്ചു.
പൗരത്വ ഭേദഗതി ബില്‍ രാജ്യത്തെ വിഭജിക്കുന്നതാണെന്നും തങ്ങള്‍ ഭരണത്തിലിരിക്കുന്ന കാലത്തോളം സംസ്ഥാനത്തെ ഒരൊറ്റ മനുഷ്യനും രാജ്യം വിട്ടുപോകില്ലെന്നും മമത വ്യക്തമാക്കി. ബില്‍ പാര്‍ലമെന്റില്‍ പാസായ സമയത്തും മമത ബില്ലിനെതിരെ നിലപാടെടുത്തിരുന്നു. ബംഗാളിനെ കൂടാതെ പഞ്ചാബും കേരളവും ബില്‍ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ നാളെ ഭരണ പ്രതിപക്ഷ ഭേദമന്യ സംയുക്ത പ്രക്ഷോഭം സംഘടിപ്പിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam