റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശം: രാഹുലിന്റേത് സാധാരണമായ പ്രസ്താവന; മാപ്പുപറയേണ്ടതില്ലെന്ന് ശശി തരൂർ

By Web TeamFirst Published Dec 13, 2019, 7:47 PM IST
Highlights

ഇരുസഭകളിലും വിഷയം ഉന്നയിക്കുകയും നടപടികൾ സ്തംഭിപ്പിക്കുകയും ചെയ്തത് പൗരത്വ (ഭേദഗതി) ബില്ലിനെതിരായ വ്യാപക പ്രതിഷേധത്തിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ബിജെപിയുടെ തന്ത്രമാണെന്നും തരൂർ പറഞ്ഞു. 
 

ദില്ലി: കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയുടെ ’റേപ്പ് ഇന്‍ ഇന്ത്യ’ പരാമര്‍ശത്തിൽ പ്രതികരണവുമായി ശശി തരൂർ എംപി. രാഹുൽ ​ഗാന്ധി നടത്തിയത് സാധാരണമായ പ്രസ്താവനയാണെന്നും മാപ്പ് പറയേണ്ടതില്ലെന്നും പാർലമെന്റിനു പുറത്ത് മാധ്യമപ്രവർത്തകരുമായുള്ള കൂടിക്കാഴ്ചക്കിടെ തരൂർ പറഞ്ഞു. 

ഇരുസഭകളിലും വിഷയം ഉന്നയിക്കുകയും നടപടികൾ സ്തംഭിപ്പിക്കുകയും ചെയ്തത് പൗരത്വ (ഭേദഗതി) ബില്ലിനെതിരായ വ്യാപക പ്രതിഷേധത്തിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ബിജെപിയുടെ തന്ത്രമാണെന്നും തരൂർ പറഞ്ഞു. 

ഝാര്‍ഖണ്ഡില്‍ റാലിക്കിടെയാണ് രാഹുല്‍ ഗാന്ധി റേപ്പ് ഇന്‍ ഇന്ത്യ എന്ന പരാമര്‍ശം നടത്തിയത്. പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ബിജെപി ലോക്സഭയില്‍ രംഗത്തെത്തി. രാഹുല്‍ ഗാന്ധിയെ ശിക്ഷിക്കണമെന്ന് സ്മൃതി ഇറാനി ആവശ്യപ്പെട്ടു. ബലാത്സംഗത്തിന് ആഹ്വാനം ചെയ്യുകയാണ് രാഹുല്‍ ഗാന്ധി ചെയ്തതെന്നായിരുന്നു സ്മൃതി ഇറാനി പറഞ്ഞത്. പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് മറ്റ് ബിജെപി എംപിമാരും ആവശ്യപ്പെട്ടിരുന്നു. 

Read Also: റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശം: മാപ്പ് പറയേണ്ടത് മോദിയെന്ന് രാഹുല്‍ ഗാന്ധി; സ്മൃതി ഇറാനിക്ക് മറുപടി

ഇതിന് പിന്നാലെ പരാമര്‍ശത്തില്‍ താൻ മാപ്പ് പറയില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. പാര്‍ലമെന്‍റില്‍ രാഹുലിനെതിരെ ബിജെപി രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധി മാപ്പ് പറയില്ലെന്ന് ആവര്‍ത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയും പൗരത്വ നിയമത്തിനെതിരെയുള്ള ജനരോഷത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നത്. റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ മാപ്പ് പറയേണ്ട ആവശ്യമില്ല. പ്രധാനമന്ത്രി മേക്ക് ഇന്‍ ഇന്ത്യയെക്കുറിച്ചാണ് എപ്പോഴും പറയുന്നത്. എന്നാല്‍, മാധ്യമങ്ങളില്‍ കാണുന്നത് ബലാത്സംഗ വാര്‍ത്തകളാണെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു. 

click me!