
ദില്ലി: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി (Mamata Banerjee) പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ (Narendra Modi) ഇടനിലക്കാരിയാകുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി (Adhir Ranjan Choudhary). കോണ്‍ഗ്രസിനെ (Congress) എതിര്‍ക്കുന്നതിലൂടെ ബിജെപിയെ (BJP) സഹായിക്കുകയാണ് മമത ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. മമതാ ബാനര്‍ജി കോണ്‍ഗ്രസിനെ എതിര്‍ക്കുന്നതിലൂടെ ബിജെപിയെ സഹായിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടനിലക്കാരിയാകുകയാണെന്നും ചൗധരി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
''ഓഗസ്റ്റില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി വിളിച്ച പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ മമത പങ്കെടുത്തു. എന്നാല്‍, അടുത്ത നിമിഷം തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിളിപ്പിച്ചു. പ്രതിപക്ഷ ശക്തിപ്പെടുന്നത് മോദിക്ക് ഇഷ്ടമില്ല എന്നതിന്റെ പ്രകടമായ തെളിവാണിത്. ദില്ലി നിങ്ങളുടേതും കൊല്‍ക്കത്ത നമ്മുടേതുമാണെന്ന കരാര്‍ അവര്‍ തമ്മിലുണ്ട്. അല്ലെങ്കില്‍ കോണ്‍ഗ്രസിനെക്കുറിച്ച് ഉപകാരമില്ലാത്ത കാര്യങ്ങള്‍ മമത പറയില്ല''- ചൗധരി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മമതയുടെ രാഷ്ട്രീയ എതിരാളിയെന്നും രാഹുല്‍ ഗാന്ധിയല്ലെന്നും ടിഎംസി മുഖപത്രം ജഗോ ബംഗ്ല എഴുതിയതിന് പിന്നാലെയാണ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ വിമര്‍ശനം. ലേഖനത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി അപ്രസക്തമാണെന്നും തൃണമൂലാണ് യഥാര്‍ത്ഥ കോണ്‍ഗ്രസെന്നും പറഞ്ഞിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam