'പുതിയ തരം തീവ്ര കമ്യൂണിസം, സംസ്ഥാനത്തെ സമാധാനം തകർക്കാൻ നീക്കം'; മമതയുടെ ഐക്യ ആഹ്വാനത്തിനെതിരെ ബിജെപി

Published : May 11, 2026, 10:50 PM IST
mamata, suvendu

Synopsis

പശ്ചിമ ബംഗാളിൽ ബിജെപിയോട് പരാജയപ്പെട്ടതിന് ശേഷം, മമത ബാനർജി എല്ലാ ബിജെപി വിരുദ്ധ പാർട്ടികളോടും ഒന്നിക്കാൻ ആഹ്വാനം ചെയ്തു. സിപിഎം ഉൾപ്പെടെയുള്ള പാർട്ടികളെ ക്ഷണിച്ച മമതയുടെ നീക്കത്തെ, സംസ്ഥാനത്ത് അശാന്തി പടർത്താനും മാവോയിസ്റ്റ് ബന്ധം പുനരുജ്ജീവിപ്പിക്കാനുമുള്ള ശ്രമമായാണ് ബിജെപി കാണുന്നത്.

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ 15 വർഷത്തെ തൃണമൂൽ ഭരണം അവസാനിപ്പിച്ച് ബിജെപി അധികാരത്തിലേറിയതിന് പിന്നാലെ, ബിജെപിയെ നേരിടാൻ രാഷ്ട്രീയ ഭേദമന്യേ എല്ലാ പാർട്ടികളും ഒന്നിക്കണമെന്ന് മമത ബാനർജി ആഹ്വാനം ചെയ്തു. വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയ (എസ് ഐ ആർ) വഴി തന്‍റെ പാർട്ടിയെ അന്യായമായി പരാജയപ്പെടുത്തിയെന്നാണ് മമതയുടെ പ്രധാന ആക്ഷേപം. എന്നാൽ മമതയുടെ ഈ ഐക്യ ആഹ്വാനം സംസ്ഥാനത്ത് അശാന്തി പടർത്താനുള്ള നീക്കമാണെന്ന് ബിജെപി കുറ്റപ്പെടുത്തി.

"എല്ലാ പാർട്ടികളും ബിജെപിക്കെതിരെ ഒന്നിക്കണം, ഇതിൽ എനിക്ക് വാശികളൊന്നുമില്ല" എന്ന് പറഞ്ഞ മമത വരാനിരിക്കുന്ന പോരാട്ടത്തിൽ എല്ലാവരെയും കൂടെക്കൂട്ടുമെന്നും പ്രഖ്യാപിക്കുകയുണ്ടായി. മമതയുടെ നീക്കത്തെ തീവ്ര കമ്മ്യൂണിസത്തിന്‍റെ പുതിയ രൂപമെന്നാണ് ബിജെപി വിശേഷിപ്പിച്ചത്. ഐക്യത്തിന്റെ പേരിൽ മാവോയിസ്റ്റുകളെ പുനരുജ്ജീവിപ്പിക്കാനാണ് തൃണമൂൽ ശ്രമിക്കുന്നതെന്നും പണ്ട് അധികാരം പിടിക്കാൻ മമത മാവോയിസ്റ്റ് സഹായം തേടിയിട്ടുണ്ടെന്നും ബിജെപി ആരോപിച്ചു. പഴയ സഖ്യകക്ഷിയായ കോൺഗ്രസും മമതയെ വിമർശിച്ചു. മുൻപ് സഖ്യത്തിലായിരുന്നപ്പോൾ കോൺഗ്രസിനെ തകർക്കാനാണ് മമത ശ്രമിച്ചതെന്ന് കോണ്‍ഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി.

ബദ്ധവൈരികളായ ഇടത് പാർട്ടികളെയും സ്വാഗതം ചെയ്ത് മമത

മുഖ്യമന്ത്രിയായി സുവേന്ദു അധികാരി ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ശനിയാഴ്ച, മമത ബാനർജി തന്റെ വസതിയിൽ രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിന അനുസ്മരണത്തിൽ ആയിരുന്നു. ഈ ചടങ്ങിന് ശേഷമാണ് സംസ്ഥാനത്തെ എല്ലാ ബിജെപി വിരുദ്ധ ശക്തികളോടും ഒന്നിക്കാൻ അവർ ആഹ്വാനം ചെയ്തത്. തെരഞ്ഞെടുപ്പിന് ശേഷം അക്രമങ്ങൾ സംസ്ഥാനത്ത് പടരുകയാണെന്നും ഇതിനെതിരെ വിദ്യാർത്ഥി- യുവജന സംഘടനകൾ ഒന്നിക്കണമെന്നും മമത ആവശ്യപ്പെട്ടു.

തന്റെ ബദ്ധവൈരികളായ സിപിഎം ഉൾപ്പെടെയുള്ള ഇടത് പാർട്ടികളെയും മമത സഖ്യത്തിലേക്ക് സ്വാഗതം ചെയ്തു. ഇടത്, തീവ്ര ഇടത് പാർട്ടികൾക്കും മറ്റ് ദേശീയ പാർട്ടികൾക്കും ബിജെപി വിരുദ്ധ മുന്നണിയുടെ ഭാഗമാകാം. ബിജെപിയാണ് തന്റെ ഒന്നാമത്തെ ശത്രുവെന്നും എല്ലാ ദിവസവും വൈകുന്നേരം 4 മുതൽ 6 വരെ പാർട്ടി ഓഫീസിൽ താൻ ഉണ്ടാവുമെന്നും മമത പറഞ്ഞു. മമതയുടെ ഈ പ്രസ്താവനകൾക്ക് പിന്നാലെയാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ബിജെപി രംഗത്തെത്തിയത്. മുന്നണി എന്ന പേരിൽ രാജ്യവിരുദ്ധ ശക്തികളെ ഒന്നിപ്പിക്കാനാണ് മുൻ മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് ബിജെപി ആരോപിച്ചു.

ബംഗാളിൽ നടന്ന കടുത്ത പോരാട്ടത്തിൽ ബിജെപിയോട് വലിയ പരാജയമാണ് തൃണമൂൽ ഏറ്റുവാങ്ങിയത്. മമത ബാനർജി സ്വന്തം തട്ടകമായ ഭവാനിപൂരിൽ സുവേന്ദു അധികാരിയോട് 15,000-ത്തിലധികം വോട്ടുകൾക്ക് പരാജയപ്പെട്ടു. ഈ പരാജയത്തിന് പിന്നാലെ നഷ്ടപ്പെട്ട അധികാരം തിരിച്ചു പിടിക്കാൻ മമത എന്തെല്ലാം നീക്കങ്ങൾ നടത്തുമെന്നാണ് അറിയാനുള്ളത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഊടുവഴികളിലൂടെ യാത്ര, 47 സോപ്പുപെട്ടികളിലാക്കി കാറിന്‍റെ രഹസ്യ അറകളിൽ ഒളിപ്പിച്ചത് ലക്ഷങ്ങളുടെ ഹെറോയിൽ! അങ്കമാലിയിൽ വൻ ലഹരിവേട്ട
ബംഗാൾ കഴിഞ്ഞു, മോദി അടക്കമുള്ള ദേശീയ നേതാക്കൾ ഇനി അസമിലേക്ക്; ഹിമന്ത ബിശ്വ ശർമയുടെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച