ഇനി എന്നും ഒരുമിച്ച്; സിപിഐ നേതാവിനെ സാക്ഷിയാക്കി, 'മമതാ ബാനർജി'ക്കും 'സോഷ്യലിസ'ത്തിനും മാംഗല്യം

By Web TeamFirst Published Jun 13, 2021, 9:12 PM IST
Highlights

മമതാ ബാനർജിയുടെ ബന്ധുതന്നെയാണ് 29കാരനായ വരൻ സോഷ്യലിസം.  സോഷ്യലിസത്തിന്റെ പിതാവ് എ മോഹനൻ സേലത്തെ സിപിഎം യൂണിറ്റ് ജില്ലാ സെക്രട്ടറിയാണ്. സോവിയറ്റ് യൂണിയൻ തകർന്നതോടെയാണ് മോഹൻ മകന് സോഷ്യലിസം എന്ന് പേരിട്ടത്. മറ്റ് രണ്ടുക്കൾക്ക് കമ്യൂണിസം, ലെനിനിസം എന്നിങ്ങനെയാണ് മോഹൻ പേരിട്ടിരിക്കുന്നത്. 
 

ചെന്നൈ: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ഇടത് പാർട്ടിയും ചമ്മിൽ വർഷങ്ങളായി രാഷ്ട്രീയ വൈരികളാണ്. എന്നാൽ മമതാ ബാനർജിയുടെ അതേ പേരുള്ള ചെന്നൈ സ്വദേശി വിവാഹം ചെയ്തത് സോഷ്യലിസം എന്ന് പേരുള്ള യുവാവിനെയാണ്. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയ പി മമതാ ബാനർജി എന്ന് പേരായ വധു കോൺ​ഗ്രസ് പാർട്ടി അനുഭാവ കുടുംബത്തിലാണ് ജനിച്ചുവള‍ർന്നത്. തൃണമൂൽ കോൺ​ഗ്രസിന്റെ തീപ്പൊരി തലൈവി മമതാ ബാന‍ർജി കോൺ​ഗ്രസിലുള്ളപ്പോൾ, അവരോടുള്ള ആരാധനയാണ് രക്ഷിതാക്കൾ മകൾക്ക് മമതാ ബാനർജി എന്ന് തന്നെ പേരിടാൻ കാരണമായത്.

പത്താം ക്ലാസിൽ പഠിക്കുമ്പോൾ സുഹൃത്തുക്കൾ പറഞ്ഞാണ് ഞാൻ എന്റെ പേരിന്റെ പ്രത്യേകത മനസ്സിലാക്കിയത് - മമത എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മമതാ ബാന‍ർജിയെക്കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോൾ വാ‍ർത്തകളിൽ ശ്രദ്ധിക്കാറുണ്ടെന്നും അവർ ശക്തയായ സ്ത്രീയാണെന്നും അഭിമാനമുണ്ടെന്നും മമത പറഞ്ഞു. 

വധു മമതാ ബാന‍ർജിയുടെ ബന്ധുതന്നെയാണ് 29കാരനായ വരൻ സോഷ്യലിസം.  സോഷ്യലിസത്തിന്റെ പിതാവ് എ മോഹനൻ സേലത്തെ സിപിഎം യൂണിറ്റ് ജില്ലാ സെക്രട്ടറിയാണ്. ബികോം കഴിഞ്ഞ സോഷ്യലിസം ഇപ്പോൾ ബിസിനസ് ചെയ്യുകയാണ്.  സോവിയറ്റ് യൂണിയൻ തകർന്നതോടെയാണ് മോഹൻ മകന് സോഷ്യലിസം എന്ന് പേരിട്ടത്. മറ്റ് രണ്ട് മക്കൾക്ക് കമ്യൂണിസം, ലെനിനിസം എന്നിങ്ങനെയാണ് മോഹൻ പേരിട്ടിരിക്കുന്നത്. 

രണ്ട് രാഷ്ട്രീയ വൈരികളുടെ പേരുകൾ ചേരുന്നുവെങ്കിലും തങ്ങളുടെ ജീവിതത്തെ അത് ബാധിക്കില്ലെന്ന് സോഷ്യലിസം പറഞ്ഞു. വളരെ ചെറിയ പരിപാടിയായാണ് വിവാഹം നടന്നത്. തമിഴ്നാട് സിപിഐ നേതാവ് ആ‍ർ മുത്തരശ്ശന്റെ സാന്നിദ്ധ്യത്തിലാണ് വിവാഹം നടന്നത്. നിരവധി ഇടത് നേതാക്കളും വിവാഹത്തിൽ പങ്കെടുത്തു. 

click me!