ബിജെപി മുന്നേറ്റം തടയാന്‍ ദീദിയുടെ നീക്കം; ജഗനെ ജയിപ്പിച്ച പ്രശാന്ത് കിഷോര്‍ ഇനി മമതയ്‍ക്കൊപ്പം

By Web TeamFirst Published Jun 6, 2019, 5:08 PM IST
Highlights

വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി നൂറിലേറെ സീറ്റുകള്‍ നേടാന്‍ സാധ്യതയുണ്ടെന്ന തെരഞ്ഞെടുപ്പ് വിദഗ്ധരുടെ നിരീക്ഷണത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് ഒരുക്കം നേരത്തെ തുടങ്ങാന്‍ തീരുമാനിച്ചത്.

കൊല്‍ക്കത്ത: ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയില്‍നിന്നേറ്റ അപ്രതീക്ഷിത തിരിച്ചടിയില്‍നിന്ന് കരകയറാന്‍ പുതിയ നീക്കവുമായി ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി. തെരഞ്ഞെടുപ്പ് പ്രചാരണ വിദഗ്ധനായ പ്രശാന്ത് കിഷോറുമായി മമതാ ബാനര്‍ജി കരാറിലെത്തി. നിയമസഭ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ തന്ത്രങ്ങള്‍ എങ്ങനെ ആവിഷ്കരിക്കണമെന്ന് തീരുമാനിക്കാനാണ് മമതാ ബാനര്‍ജി കിഷോറുമായി കരാറിലെത്തിയത്. രണ്ട് മണിക്കൂര്‍ നീണ്ട ചര്‍ച്ചക്കൊടുവിലായിരുന്നു തീരുമാനം. 

ലോക്സഭ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തിരിച്ചടിയാണ് തൃണമൂല്‍ കോണ്‍ഗ്രസിനേറ്റത്. 42 ലോക്സഭ സീറ്റില്‍ 18 എണ്ണം ബിജെപി സ്വന്തമാക്കിയിരുന്നു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി നൂറിലേറെ സീറ്റുകള്‍ നേടാന്‍ സാധ്യതയുണ്ടെന്ന തെരഞ്ഞെടുപ്പ് വിദഗ്ധരുടെ നിരീക്ഷണത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് ഒരുക്കം നേരത്തെ തുടങ്ങാന്‍ തീരുമാനിച്ചത്. 

ആന്ധ്രപ്രദേശില്‍ ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസിനെ നിയമസഭയിലേക്കും ലോക്സഭയിലേക്കും വന്‍ മാര്‍ജിനില്‍ വിജയിപ്പിക്കുന്നതിനായി തന്ത്രങ്ങള്‍ മെനഞ്ഞത് പ്രശാന്ത് കിഷോറായിരുന്നു. രണ്ട് വര്‍ഷത്തോളമെടുത്ത തന്ത്രപരമായ പ്രചാരണമാണ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വിജയത്തിന് പിന്നില്‍.175ല്‍ 150 സീറ്റും നേടിയാണ് ജഗന്‍ അധികാരത്തിലേറിയത്.

2014ല്‍ നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് വിജയത്തിനും 2015ല്‍ നിതീഷ് കുമാറിന്‍റെ വിജയത്തിന് പിന്നിലും കരുക്കള്‍ നീക്കിയത് പ്രശാന്ത് കിഷോറായിരുന്നു. എന്നാല്‍, 2017ല്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് വേണ്ടി തന്ത്രം മെനഞ്ഞെങ്കിലും സമ്പൂര്‍ണമായി പരാജയപ്പെട്ടതോടെ പ്രശാന്ത് കിഷോറിന്‍റെ താരപ്പകിട്ടിന് മങ്ങലേറ്റു. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വിജയത്തെ തുടര്‍ന്ന് പ്രശാന്ത് കിഷോറിന് ഡിമാന്‍റ് വര്‍ധിച്ചു.

click me!