
ദില്ലി: ബംഗാളിന്റെ മഹത്വം പഴങ്കഥയായെന്ന് മേഘാലയ ഗവര്‍ണര്‍ തഥാഗത് റോയ്. ബംഗാളികള്‍ ഇന്ന് തറ തുടയ്‌ക്കുന്നവരും ബാര്‍ ഡാന്‍സര്‍മാരുമായി അധപതിച്ചിരിക്കുന്നു. ഹിന്ദിയോട് ബംഗാളികള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നത് രാഷ്ട്രീയകാരണങ്ങളാലാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു. പാഠ്യപദ്ധതിയില്‍ ഹിന്ദി ഉള്‍പ്പെടുത്തണമെന്ന കേന്ദ്ര വിദ്യാഭ്യാസ പരിഷ്‌കരണ സമിതിയുടെ നിര്‍ദേശത്തിനെതിരെ ബംഗാള്‍ ഉള്‍പ്പടെയുള്ള ചില സംസ്ഥാനങ്ങള്‍ പ്രതിഷേധം ഉയര്‍ത്തുന്നതിനിടെയാണ് തഥാഗത് റോയിയുടെ പരാമര്‍ശം.
ഹിന്ദിക്കെതിരെ ശക്തമായ പ്രതിഷേധങ്ങളൊന്നുമുയരുന്നില്ല. രാഷ്ട്രീയകാരണങ്ങളാലാണ് പ്രതിഷേധങ്ങളുയരുന്നത്. അസം മഹാരാഷ്ട്ര, ഒഡീഷ എന്നിവയൊക്കെ ഹിന്ദി സംസാരഭാഷയല്ലാത്ത സംസ്ഥാനങ്ങളാണ്. പക്ഷേ, അവരൊന്നും ഹിന്ദിയെ എതിര്‍ക്കുന്നില്ല. വിദ്യാസാഗര്‍,വിവേകാനന്ദന്‍,രവീന്ദ്രനാഥ ടാഗോര്‍, നോതാജി സുഭാഷ് ചന്ദ്രബോസ് എന്നിവരുടെയൊക്കെ നാടാണ് ബംഗാള്‍. പിന്നെന്തിനാണ് ഹിന്ദി പഠിക്കുന്നത് എന്നാണ് ബംഗാളികളുടെ വാദം. ഈ മഹാന്മാരും ഹിന്ദി പഠനവും തമ്മിലെന്താണ് ബന്ധം? അവരുടെയൊക്കെ യുഗം കടന്നുപോയെന്നും ബംഗാളിന്റെ മഹത്വം പഴങ്കഥയായെന്നും ആരാണ് ബംഗാളികള്‍ക്ക് പറഞ്ഞുകൊടുക്കുകയെന്നും തഥാഗത് റോയി ട്വീറ്റ് ചെയ്‌തു.
ഇപ്പോള്‍ ഹരിയാന മുതല്‍ കേരളം വരെ ബംഗാളി യുവാക്കള്‍ വീടുകളില്‍ തറ തുടയ്‌ക്കുകയാണ്. ബംഗാളി പെണ്‍കുട്ടികളാവട്ടെ മുംബൈയിലെ ബാറുകളില്‍ ഡാന്‍സ് ചെയ്യുകയാണെന്നും തഥാഗത് റോയ് അഭിപ്രായപ്പെട്ടു. ട്വീറ്റിനെ പിന്തുണച്ചും എതിര്‍ത്തും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇത്തരം ജോലികള്‍ ചെയ്യുന്നത് ബംഗാളികള്‍ മാത്രമല്ലെന്ന് ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു. ഹിന്ദി അറിയാത്തതുകൊണ്ടല്ല വിദ്യാഭ്യാസമില്ലാത്തതും തൊഴിലവസരങ്ങള്‍ കുറഞ്ഞതുമാണ് ബംഗാളികള്‍ മറ്റ് സംസ്ഥാനങ്ങളില്‍ ജോലി ചെയ്യേണ്ടി വരുന്നതിന് കാരണമെന്ന് അവര്‍ അഭിപ്രായപ്പെടുന്നു. തന്നെ വിമര്‍ശിച്ചുള്ള കമന്റുകളോട്‌് തരംതാണ രീതിയിലാണ് ഗവര്‍ണര്‍ പ്രതികരിച്ചതെന്നും ആരോപണം ഉയരുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam