
കൊൽക്കത്ത: കൊൽക്കത്തയിൽ വനിതാ ഡോക്ടറെ കൊലപ്പെടുത്തിയ സംഭവം അന്വേഷിക്കുന്നതിൽ സംസ്ഥാന പൊലീസിന് മുഖ്യമന്ത്രി മമത ബാനർജിയുടെ അന്ത്യശാസനം. കേസ് അന്വേഷിച്ച് കുറ്റവാളികളെ നിയമത്തിന് മുന്നിൽ ഒരാഴ്ചക്കകം കൊണ്ടുവരണമെന്നാണ് മമതയുടെ അന്ത്യശാസനം. അന്വേഷണത്തിൽ പൊലീസ് പരാജയപ്പെടുകയാണെങ്കിൽ കേസ് സി ബി ഐക്ക് വിടുമെന്നും ബംഗാൾ മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം സംഭവത്തിൽ ഡോക്ടർമാരുടെ പ്രതിഷേധം ശക്തമാകുകയാണ്. രാജ്യമൊട്ടാകെ ഇന്ന് അടിയന്തര ചികിത്സകൾ ഒഴികെയുള്ള മറ്റു ചികിത്സകളിൽ നിന്ന് ഡോക്ടർമാർ വിട്ടു നിന്നു. അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഡോക്ടർമാരുടെ സംഘടനകൾ ഇന്നലെ കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദയെ കണ്ടിരുന്നു. കേന്ദ്ര ഇടപെടലുണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ സമരത്തിന് ആഹ്വാനം ചെയ്യുമെന്ന് സംഘടനാ പ്രതിനിധികൾ വ്യക്തമാക്കി. പ്രതിഷേധം ശക്തമായതോടെ സംസ്ഥാന സർക്കാർ ആർജെ കർ മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെ കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെമിനാർ ഹാളിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ഡ്യൂട്ടിക്കിടെയായിരുന്നു ഡോക്ടറുടെ കൊലപാതകം. ചെസ്റ്റ് മെഡിസിൻ വിഭാഗത്തിലെ രണ്ടാം വർഷ പി ജി ഡോക്ടറാണ് കൊല്ലപ്പെട്ടത്. ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. സ്വകാര്യ ഭാഗങ്ങളിലും ശരീരത്തിലെ മറ്റ് പല അവയവങ്ങളിലും മുറിവേറ്റിരുന്നു. പിടിവലി നടന്ന ലക്ഷണങ്ങളുണ്ട്. പൊലീസ് ആശുപത്രിയിൽ സ്ഥാപിച്ചിട്ടുള്ള സി സി ടി വി ക്യാമറകൾ പരിശോധിച്ച് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടവരുടെ പട്ടിക തയ്യാറാക്കി. അതേസമയം സെമിനാർ ഹാളിൽ സിസിടിവി ഇല്ലാത്തത് പൊലീസിന് വെല്ലുവിളിയായി. കൊല നടന്ന സ്ഥലത്തു നിന്ന് ബ്ലൂടൂത്തിന്‍റെ ഒരു ഭാഗം ലഭിച്ചു. ബ്ലൂടൂത്ത് ഹെഡ്‌ഫോൺ ഏത് ഫോണിലാണ് കണക്റ്റ് ആവുന്നതെന്ന് പരിശോധിച്ചു. തുടർന്ന് സിവിൽ പൊലീസ് വോളണ്ടിയറായ സഞ്ജയ് റോയിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ സെമിനാർ ഹാളിന് പുറത്ത് കറങ്ങിനടക്കുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam