'ഞാൻ നിൽക്കുമ്പോളാണോ തോന്ന്യാസം കാണിക്കുന്നത്', കൈരളി ടിവി റിപ്പോർട്ടർക്കെതിരെ പ്രതിഷേധിച്ചവരെ ശകാരിച്ച് സതീശൻ
ഇത്തരം തോന്ന്യാസങ്ങൾ പാടില്ലെന്ന താക്കീതും നൽകിയാണ് പ്രതിപക്ഷ നേതാവ് സ്ഥലത്ത് നിന്ന് മടങ്ങിയത്.
പത്തനംതിട്ട: തന്നോടുള്ള കൈരളി ടി വി റിപ്പോർട്ടറുടെ ചോദ്യത്തിൽ പ്രകോപിതരായ കോൺഗ്രസ് പ്രവർത്തകരെ ശകാരിച്ച് തിരുത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തുമ്പമൺ സഹകരണബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിൽ കൈരളി ടി വി റിപ്പോർട്ടറോട് കയർക്കുകയും പ്രതിഷേധിക്കുകയും കയ്യേറ്റ ശ്രമം നടത്തുകയും ചെയ്ത പ്രവർത്തകരോട് താൻ നിൽക്കുമ്പോൾ ആണോ തോന്ന്യാസം കാണിക്കുന്നത് ചോദിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് ചൂടാവുകയായിരുന്നു. പ്രതിപക്ഷ നേതാവ് കടുപ്പിച്ചതോടെ പ്രവർത്തകർ ശാന്തരാവുകയായിരുന്നു. ഇത്തരം തോന്ന്യാസങ്ങൾ പാടില്ലെന്ന താക്കീതും നൽകിയാണ് പ്രതിപക്ഷ നേതാവ് സ്ഥലത്ത് നിന്ന് മടങ്ങിയത്. പത്തനംതിട്ട പന്തളത്ത് സ്വകാര്യ ആശുപത്രി പരിസരത്താണ് സംഭവം നടന്നത്.
സംഭവം ഇങ്ങനെ
പത്തനംതിട്ടയിലെ തുമ്പമൺ സഹകരണബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി പി എം പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ശനിയാഴ്ച വലിയ തോതിൽ സംഘർഷം ഉണ്ടായിരുന്നു. ഈ സംഘർഷത്തിൽ പരിക്കേറ്റ നേതാക്കളെയും പ്രവർത്തകരെയും കാണാനായാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പന്തളത്തെ ആശുപത്രിയിലെത്തിയത്. ശേഷം മാധ്യമ പ്രവർത്തകരെ കണ്ട് കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. അതിനിടയിലാണ് കൈരളി ടി വി റിപ്പോർട്ടർ തുമ്പമൺ സഹകരണബാങ്ക് തെരഞ്ഞെടുപ്പു ദിനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അക്രമം കാണിച്ചില്ലേ എന്ന് പ്രതിപക്ഷ നേതാവിനോട് ചോദിച്ചത്. ഉത്തരം പറയാതെ പ്രതിപക്ഷ നേതാവ് മുന്നോട്ട് നീങ്ങവെയാണ് പ്രവർത്തകർ പ്രകോപനം കാട്ടിയത്. ആ ചോദ്യം അനാവശ്യമാണെന്ന് പറഞ്ഞുകൊണ്ടാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. ഈ സമയം വാഹനത്തിൽ കയറിയ പ്രതിപക്ഷ നേതാവ് മടങ്ങിയെത്തിയാണ് പ്രവർത്തകരോട് തോന്ന്യാസം കാണിക്കരുതെന്ന് പറഞ്ഞ് ശകാരിച്ചത്. ഇതോടെ പ്രവർത്തകർ ശാന്തരാകുകയായിരുന്നു.
നൊമ്പരമായി കുഞ്ഞ് നൈസ; നൈസയുടെ വിദ്യാഭ്യാസമുൾപ്പെടെ എല്ലാ ചെലവുകളും ഏറ്റെടുക്കുമെന്ന് വി ഡി സതീശൻ
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം