
ദില്ലി: 30 വർഷം മുൻപ് ഭാര്യ ജീവനൊടുക്കിയ കേസിൽ ശിക്ഷിക്കപ്പെട്ട ഭർത്താവിന്‍റെ ശിക്ഷ റദ്ദാക്കി സുപ്രിംകോടതി. ഭർത്താവിനെതിരെ ആത്മഹത്യാപ്രേരണക്കുറ്റം നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞു. 10 മിനിറ്റ് കൊണ്ട് തീർപ്പ് കൽപിക്കേണ്ട കേസാണ് ഇത്രയും നീണ്ടതെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്.
1993 നവംബറിൽ ഹരിയാനയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ജീവനൊടുക്കുമ്പോള്‍ സ്ത്രീക്ക് ആറ് മാസം പ്രായമായ കുഞ്ഞുണ്ടായിരുന്നു. സ്ത്രീയുടെ ഭർത്താവ് നരേഷ് കുമാറിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിരുന്നു. 1998ൽ വിചാരണ കോടതി നരേഷ് കുമാറിന് ശിക്ഷ വിധിച്ചു. പിന്നീട് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 306 (ആത്മഹത്യ പ്രേരണ) പ്രകാരമുള്ള വിചാരണ കോടതിയുടെ വിധി ഹൈക്കോടതി ശരിവച്ചു. 2008ലെ പഞ്ചാബ് - ഹരിയാന ഹൈക്കോടതിയുടെ ഈ ഉത്തരവിനെതിരെയാണ് നരേഷ് സുപ്രിംകോടതിയിൽ അപ്പീൽ നൽകിയത്.
വിവാഹം കഴിഞ്ഞ് ഏഴ് വർഷത്തിനുള്ളിൽ സ്ത്രീ ആത്മഹത്യ ചെയ്തു എന്നതു കൊണ്ട് മാത്രം ഭർത്താവിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വ്യക്തവും പ്രകടവുമായ തെളിവുകള്‍ വേണം. 1993ലെ കേസ് 2024 ൽ അവസാനിക്കുകയാണ്. ഇത്രയും നീണ്ട വിചാരണയുടെ വേദന കോടതി ചൂണ്ടിക്കാട്ടി. നരേഷ് കുമാറിനെ കോടതി കുറ്റവിമുക്തനാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം