മുഖ്യമന്ത്രിയുടെ ഒപ്പിടും, വ്യാജ നിയമനം നല്‍കും; ഉന്നത ഉദ്യോഗസ്ഥന്‍ ചമഞ്ഞ പ്രതി പിടിയില്‍

Published : Feb 21, 2025, 10:46 AM IST
 മുഖ്യമന്ത്രിയുടെ ഒപ്പിടും, വ്യാജ നിയമനം നല്‍കും; ഉന്നത ഉദ്യോഗസ്ഥന്‍ ചമഞ്ഞ പ്രതി പിടിയില്‍

Synopsis

പരാതിക്കാരില്‍ ഒരാളുടെ മകന് പൊതു വിദ്യാഭ്യാസ വകുപ്പില്‍ ഡയറക്ടര്‍ സ്ഥാനം നല്‍കാം എന്ന് വെങ്കിടേഷ് പറഞ്ഞിരുന്നു. ഉന്നത ഉദ്യോഗസ്ഥനാണെന്നാണ് ഇയാള്‍ സ്വയം പരിചയപ്പെടുത്തിയിരുന്നത്.

ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയുടേതുള്‍പ്പെടെ ഉന്നതരുടെ വ്യാജ ഒപ്പ് നിര്‍മിച്ച് തട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍. സര്‍ക്കാര്‍ ജോലിയില്‍ നിയമനം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയത് 32 കാരനായ എച്ച് സി വെങ്കിടേഷാണ്. രണ്ട് പേരില്‍ നിന്നായി 31 ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലക്കാരനാണ് വെങ്കിടേഷ്. ഇയാളെ മാണ്ഡ്യ ഈസ്റ്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്.

തട്ടിപ്പ് മനസിലാക്കിയ ഗാന്ധിനഗര്‍ സ്വദേശി നേത്രാവതി, കല്ലഹള്ളി സ്വദേശി മല്ലേഷ് എന്നിവർ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഉന്നത ജോലി വാഗ്ദാനം ചെയ്താണ് വെങ്കിടേഷ് ഇരുവരേയും തട്ടിപ്പിനിരയാക്കിയതെന്ന് മാണ്ഡ്യ പൊലീസ് സൂപ്രണ്ട് മല്ലികാർജുന ബാലദണ്ഡി പറഞ്ഞു.

പരാതിക്കാരില്‍ ഒരാളുടെ മകന് പൊതു വിദ്യാഭ്യാസ വകുപ്പില്‍ ഡയറക്ടര്‍ സ്ഥാനം നല്‍കാം എന്ന് വെങ്കിടേഷ് പറഞ്ഞിരുന്നു. ബെംഗളൂരുവിലെ വിധാന്‍ സൗദയില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനാണെന്നാണ് വെങ്കിടേഷ് ഇവരോട് പറഞ്ഞിരുന്നത്.  12.24 ലക്ഷം രൂപയാണ് ഇയാള്‍ വാങ്ങിയത്. നികുതി വകുപ്പില്‍ ഉന്നത ജോലി വാഗ്ദാനം ചെയ്ത് മറ്റൊരാളുടെ കയ്യില്‍ നിന്ന് ഇയാള്‍ 19 ലക്ഷം തട്ടിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു.  ആളുകളുടെ വിശ്വാസം പിടിച്ചുപറ്റുന്നതിനുവേണ്ടി പല ഉന്നതരുമായി തനിക്ക് ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ ഇയാള്‍ ശ്രമിച്ചിരുന്നു.

വിശ്വാസം പിടിച്ചുപറ്റിയ ശേഷം പറ്റിക്കപ്പെടുന്നവരോട് ബാങ്ക് അക്കൗണ്ടിലേക്ക് പണം ട്രാന്‍ഫര്‍ ചെയ്യാന്‍ ഇയാള്‍ ആവശ്യപ്പെടും. പണം സുരക്ഷിതമാണെന്ന് പറഞ്ഞു പറ്റിക്കും. വ്യത്യസ്ത അക്കൗണ്ടുകളിലേക്കാണ് ഇങ്ങനെ പണം വന്നിട്ടുള്ളത്. 

മുഖ്യമന്ത്രി സിദ്ധരാമയ്യയുടേയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെയും ഡിജിറ്റല്‍ ഒപ്പുകളോട് കൂടിയ നിയമന ഉത്തരവുകള്‍ ഇയാള്‍ ഇരകള്‍ക്ക് നല്‍കിയിരുന്നു. ഈ ഉത്തരവുകളുമായി ജോലിയില്‍ ചേരാന്‍ സര്‍ക്കാര്‍ ഓഫീസുകളിലെത്തിയപ്പോഴാണ് പറ്റിക്കപ്പെട്ട വിവരം ഇരകള്‍ അറിയുന്നത്. 

ഇടനിലക്കാരുടെ സഹായത്തോടെ മാസങ്ങളായി വെങ്കിടേഷ് തട്ടിപ്പ് നടത്തുന്നുണ്ട്. കൂട്ടാളികള്‍ക്കുവേണ്ടി പൊലീസ് തിരച്ചില്‍ നടത്തുകയാണ്. വ്യാജ രേഖ ചമയ്ക്കല്‍ വഞ്ചന കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് ഇയാള്‍ക്കെതിരെ കേസ് രജിസ്ട്രര്‍ ചെയ്തിട്ടുള്ളത്.

Read More: കവര്‍ച്ച കഴിഞ്ഞ് ഓട്ടോയില്‍ മടക്കം, പൊലീസുമായി ഏറ്റുമുട്ടല്‍; ഒടുവില്‍ അറസ്റ്റ്
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

വിധി പറഞ്ഞിട്ട് ആറ് വർഷം, ഇനിയും നിർമാണം ആരംഭിക്കാതെ അയോധ്യയിലെ മുസ്ലിം പള്ളി, ഏപ്രിലിൽ തുടങ്ങുമെന്ന് പ്രഖ്യാപനം
കർണാടകയിലെ സിദ്ധരാമയ്യ-ശിവകുമാർ അധികാരത്തർക്കം; പ്രശ്നപരിഹാരത്തിന് സോണിയ നേരിട്ടിറങ്ങുന്നു