
നോയിഡ: നോയിഡയില്‍ കവര്‍ച്ചാ സംഘത്തെ പിടികൂടി പൊലീസ്. കവര്‍ച്ച കഴിഞ്ഞ് മടങ്ങുന്ന പ്രതികളെ പൊലീസ് സാഹസികമായി കീഴടക്കുകയായിരുന്നു. നോയിഡയിലെ ഒരു ചെക്പോസ്റ്റിനു സമീപത്ത് നില്‍ക്കുകയായിരുന്നു പൊലീസ് സംഘം. അതുവഴി കടന്നു വന്ന ഓട്ടോറിക്ഷ സിഗ്നല്‍ നല്‍കിയിട്ടും നിര്‍ത്താതെ പോയി. സംശയം തോന്നിയ പൊലീസ് ഇവരെ പിന്തുടര്‍ന്നു. പൊലീസ് പിന്നിലുണ്ടെന്നു മനസിലാക്കിയ കവര്‍ച്ച സംഘം ഓട്ടോയുടെ സ്പീഡ് വര്‍ധിപ്പിച്ചു. പൊലീസ് ഓട്ടോറിക്ഷ വളഞ്ഞതോടെ കവര്‍ച്ചാ സംഘം വെടിയുതിര്‍ത്തു. പിന്നീട് മോഷ്ടാക്കളും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായതായി ഡെപ്യൂട്ടി കമ്മീഷണര്‍ ശക്തി മോഹന്‍ അവാസ്തി പറഞ്ഞു.
സംഘത്തിലുണ്ടായിരുന്ന സുരേന്ദ്ര (30), രോഹിത് (22), അജയ് (28) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമുട്ടലിനിടയില്‍ സുരേന്ദ്രയുടെ കാലില്‍ സാരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കവര്‍ച്ച കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി പ്രതികള്‍ പൊലീസിന്‍റെ പിടിയിലായത്. മോഷ്ടിച്ച വസ്തുക്കള്‍ വില്‍ക്കാന്‍ പോവുന്നതിനിടെയാണ് അറസ്റ്റുണ്ടായതെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ പറഞ്ഞു. പരിക്കേറ്റ സുരേന്ദ്ര ഉത്തര്‍ പ്രദേശിലെ പല ജില്ലകളിലുമായി നിരവധി കേസുകളില്‍ പ്രതിയാണ്.
പ്രതികളില്‍ നിന്ന് നാടന്‍ തോക്കുകള്‍, 10,000 രൂപ, എല്‍ഇഡി ടിവി, ബാറ്ററി ഇന്‍വേര്‍ട്ടര്‍, സ്വര്‍ണ മോതിരം, വെള്ളി ആഭരണം എന്നിവ പിടിച്ചെടുത്തതായും രാത്രി വീടുകള്‍ കുത്തി തുറന്ന് മോഷണം നടത്തുന്നതാണ് ഇവരുടെ രീതി എന്നും ഡെപ്യൂട്ടി കമ്മീഷണര്‍ ശക്തി മോഹന്‍ അവാസ്തി പറഞ്ഞു.
Read More: ഗ്രാമങ്ങളില്‍ നടന്ന് മോഷണം, കിട്ടുന്നത് കൊണ്ട് ആഡംബര ജീവിതം; 25 കേസില്‍ പ്രതിയായ കള്ളന്‍ പിടിയില്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം