വീണ്ടും പിറക്കാനിരിക്കുന്നത് പെണ്‍കുഞ്ഞാണെന്നറിഞ്ഞു; ഗര്‍ഭഛിദ്രത്തിന് വിസമ്മതിച്ച ഭാര്യയെ മൊഴി ചൊല്ലി ഭര്‍ത്താവ്, അറസ്റ്റ്

By Web TeamFirst Published Nov 14, 2019, 8:02 PM IST
Highlights

ഫർസാന മൂന്നാമതും ​ഗർഭിണിയായപ്പോൾ തനിക്ക് ജനിക്കുന്നത് ആണാണോ പെണ്ണാണോ എന്നറിയുന്നതിന് ഖലീബ് നിയമവിരുദ്ധമായി കുഞ്ഞിന്റെ ലിം​ഗ പരിശോധന നടത്തുകയായിരുന്നു.

ലക്നൗ: ഉത്തർപ്രദേശിൽ ഗര്‍ഭഛിദ്രം നടത്താൻ വിസമ്മതിച്ചെന്നാരോപിച്ച് ഭാര്യയെ മൊഴി ചൊല്ലിയ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചാപ്ര സ്വദേശി ഫർസാനയുടെ പരാതിയിലാണ് ഭർത്താവ് ഖലീബിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പരിശോധന നടത്തി തന്റെ വയറ്റിൽ വളരുന്നത് പെൺകുഞ്ഞാണെന്ന് മനസ്സിലാക്കുകയും ഗര്‍ഭഛിദ്രം നടത്താൻ ഖലീബ് തന്നെ നിർബന്ധിക്കുകയും ചെയ്തിരുന്നതായും ഫർസാന പരാതിയിൽ ആരോപിച്ചു.

ഖലീബ്-ഫർസാന ദമ്പതികൾ‌ നേരത്തെ രണ്ട് പെൺമക്കൾക്ക് ജന്മം നൽകിയിരുന്നു. ഇതിന് പുറമെ ഫർസാന മൂന്നാമതും ​ഗർഭിണിയായപ്പോൾ തനിക്ക് ജനിക്കുന്നത് ആണാണോ പെണ്ണാണോ എന്നറിയുന്നതിന് ഖലീബ് നിയമവിരുദ്ധമായി കുഞ്ഞിന്റെ ലിം​ഗ പരിശോധന നടത്തുകയായിരുന്നു. പരിശോധനിയിൽ വീണ്ടും പെൺകുഞ്ഞിനാണ് ജന്മം നൽകുന്നതെന്ന് മനസ്സിലാക്കിയ ഖലീബ് കുഞ്ഞിനെ നശിപ്പിച്ചുകളയാൻ ഫർസാനയോട് ആവശ്യപ്പെട്ടു. എന്നാൽ, ഗര്‍ഭഛിത്രം നടത്താൻ ഫർസാന വിസമ്മതിച്ചതോടെ ഖലീബ് മുത്തലാഖ് ചൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Read More: പല്ല് നിരയൊത്തതല്ല; യുവതിയെ മൊഴി ചൊല്ലി ഭർത്താവ്

സംഭവത്തിൽ ഖലീബിന്റെ സഹോദരിയെയടക്കം ഒമ്പത് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മൂന്ന് വർഷം മുമ്പാണ് ഖലീബ് ഫർസാനയെ വിവാഹം കഴിച്ചത്. 

click me!