
വാരണാസി: ഉത്തർപ്രദേശിലെ വാരണാസിയിൽ വാടകവീട്ടിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവ് തന്‍റെ ഗേ പാട്നറെ പച്ചക്കറി അരിയുന്ന കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി. പശ്ചിമ ബംഗാൾ സ്വദേശിയായ ദീപാംശു റായ് (26) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വാരണാസി സോനാർപുര സ്വദേശിയായ കുഷ് പാണ്ഡെയെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. കഴിഞ്ഞ ഒരു വർഷമായി ഇരുവരും വാരണാസിയിലെ വാടകമുറിയിൽ ഒന്നിച്ച് താമസിച്ച് വരികയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. തിങ്കളാഴ്ച രാത്രി പുറത്തുപോയി തിരിച്ചെത്തിയ ശേഷം ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. തുടർന്ന് കുഷ് പാണ്ഡെ കത്തി ഉപയോഗിച്ച് ദീപാംശുവിന്‍റെ നെഞ്ചിന് താഴെയായി അഞ്ചോളം തവണ കുത്തുകയായിരുന്നു.
ആക്രമണത്തിന് ശേഷം പ്രതി തന്നെ 112 എന്ന എമർജൻസി ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ച് വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും ദീപാംശു രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്നു. ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹം മരിച്ചിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഇരുവരും ദീർഘകാലമായി പ്രണയത്തിലായിരുന്നുവെന്നും ഒരു ക്ഷേത്രത്തിൽ വെച്ച് വിവാഹം കഴിച്ച് പങ്കാളികളായാണ് താമസിച്ചിരുന്നതെന്നും പ്രതി വെളിപ്പെടുത്തി. ഇരുവരും പതിവായി മദ്യപിക്കാറുണ്ടായിരുന്നുവെന്നും തുടർന്ന് വഴക്കുണ്ടാകുന്നത് പതിവായിരുന്നുവെന്നും അയൽവാസികൾ പോലീസിന് മൊഴി നൽകി.
സംഭവത്തിൽ കുഷ് പാണ്ഡെയെ വാരണാസി പോലീസ് ഉടനടി അറസ്റ്റ് ചെയ്യുകയും ദീപാംശുവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയക്കുകയും ചെയ്തു. കേസിൽ തുടരന്വേഷണവും നിയമനടപടികളും പുരോഗമിക്കുകയാണെന്ന് ബെലുപൂർ എ.സി.പി ഗൗരവ് കുമാർ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam