ബ്രിക്സ് ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായി. ബ്രിക്സ് ആർക്കും എതിരല്ലെന്നും എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനാണ് താൽപ്പര്യമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.

ദില്ലി: ബ്രിക്സ് ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായി. ബ്രിക്സ് ആർക്കും എതിരല്ലെന്നും എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനാണ് താൽപ്പര്യമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയിൽ പറഞ്ഞു. ഭാരത് മണ്ഡപത്തിലാണ് അം​ഗരാജ്യങ്ങളുടെ യോ​ഗം നടക്കുന്നത്. ചരിത്രപരമെന്നാണ് ബ്രിക്സ് ഉച്ചകോടിയെ മോദി വിശേഷിപ്പിച്ചത്.

അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ പരിഷ്കരണത്തിന് പത്ത് നിർദേശങ്ങൾ മോദി മുന്നോട്ടുവെച്ചു. യുഎൻ സുരക്ഷ സമിതി സമയബന്ധിതമായി പുനസംഘടിപ്പിക്കണമെന്ന് പറഞ്ഞ അദ്ദേഹം ചിലരിൽ മാത്രം അധികാരം കേന്ദ്രീകരിക്കുന്ന നിലവിലെ സ്ഥിതി മാറണമെന്നും പറഞ്ഞു. ബ്രിക്സ് ശക്തി കൂട്ടുന്നതിനൊപ്പം ആഗോള സ്ഥാപനങ്ങളും പരിഷ്കരിക്കണം. നാവികരുടെ സുരക്ഷ പ്രധാനമാണെന്നും ഇതിനായി ഒന്നിച്ചുള്ള സംവിധാനം ഉണ്ടാകണമെന്നും മോദി പറഞ്ഞു. ​

ബ്രിക്സ് പ്രധാന ശക്തിയാകുന്നു. അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം. ബ്രിക്സിലെ ഐക്യം ആഗോള വേദിയിൽ പ്രകടമാക്കേണ്ട സമയമായിരിക്കുന്നു. ഇപ്പോഴത്തെ അധികാര ശ്രേണി പിരമിഡ് പോലെയാണ്. ഇത് പൊളിച്ചെഴുതണം എന്നും മോദി ആവശ്യപ്പെട്ടു. വളരുന്ന ശക്തികൾക്ക് സാമ്പത്തിക ചട്ടങ്ങൾ രൂപീകരിക്കുന്നതിൽ നിർണായക സ്ഥാനം വേണമെന്നും ഗ്ലോബൽ സൗത്ത് നിയമങ്ങൾ അനുസരിക്കുന്നവരിൽ നിന്ന് നിയമ നിർമാതാക്കൾ ആകണമെന്നും നരേന്ദ്രമോദി പറഞ്ഞു.

Asianet News Live| Kerala CM VD Satheesan | UDF | Kerala Breaking News |Malayalam News |HD Live News