
മംഗളൂരു: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) യെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ ഉള്ളടക്കം പോസ്റ്റ് ചെയ്തതിനും ഓൺലൈനിൽ പ്രചരിപ്പിച്ചതിനും 55കാരനെ യുഎപിഎ ചുമത്തി കർണാടക പൊലീസ് അറസ്റ്റ് ചെയ്തു. കഡബ താലൂക്കിലെ രാമകുഞ്ച സ്വദേശിയായ സയ്യിദ് ഇബ്രാഹിം തങ്ങളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിരോധനം ഉണ്ടായിരുന്നിട്ടും, പ്രതി സംഘടനയെ പ്രോത്സാഹിപ്പിക്കുകയും അസ്വസ്ഥത സൃഷ്ടിക്കുകയും ചെയ്തുവെന്നും തുടർന്ന് മംഗളൂരു നോർത്ത് പൊലീസ് സ്റ്റേഷനിൽ നിയമവിരുദ്ധ യുഎപിഎ പ്രകാരം കേസ് രജിസ്റ്റർ ചെയ്തുവെന്നും പൊലീസ് പറഞ്ഞു. മംഗളൂരുവിലെ ഉർവ സ്റ്റോഴ്‌സിന് സമീപത്ത് നിന്നായിരുന്നു അറസ്റ്റ്. ഇയാളുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തു. പിന്നീട് 49-ാമത് അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയിലും ബെംഗളൂരുവിലെ എൻഐഎ കേസുകൾക്കായുള്ള പ്രത്യേക കോടതിയിലും ഹാജരാക്കി. ഒക്ടോബർ 24 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി പൊലീസ് കൂട്ടിച്ചേർത്തു.