
ചെന്നൈ: മൂന്ന് മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം അച്ഛൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. മദ്യലഹരിയിലായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. തമിഴ്നാട്ടിലെ തഞ്ചാവൂരിലാണ് നടുക്കുന്ന സംഭവം നടന്നത്. തൃത്താലൂർ സ്വദേശി എസ് വിനോദ് കുമാർ (35) ആണ് മക്കളെ കൊലപ്പെടുത്തിയത്. ആറാം ക്ലാസ് വിദ്യാർത്ഥിനിയായ ഓവിയ (17), മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായ കീർത്തി (8), കിന്‍റർഗാർട്ടൻ വിദ്യാർത്ഥി ഈശ്വരൻ (5) എന്നിവരാണ് കൊല്ലപ്പെട്ടത്.
മധുക്കൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസം രാത്രി 7 മണിയോടെയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. വിനോദിന്‍റെ ഭാര്യ നിത്യ ആറ് മാസം മുൻപ് സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ഒരാളോടൊപ്പം ഒളിച്ചോടിയിരുന്നു. ഈ സംഭവത്തിന് ശേഷം വിനോദിന്‍റെ മദ്യപാനം കൂടിയെന്ന് അയൽവാസികൾ പറയുന്നു. മദ്യപിച്ച് വീട്ടിൽ വന്ന് കുട്ടികളെ ഇയാൾ മർദിക്കാറുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ഇന്നലെ വൈകുന്നേരവും അമിതമായി മദ്യപിച്ചെത്തിയ വിനോദ് കുട്ടികളോട് ദേഷ്യപ്പെട്ടു. തുടർന്ന് കത്തി ഉപയോഗിച്ച് മൂന്ന് കുട്ടികളുടെയും കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലയ്ക്ക് ശേഷം ഉടൻ തന്നെ വിനോദ് കുമാർ മധുക്കൂർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. പൊലീസുകാർ ഉടനെ വിനോദിന്‍റെ വീട്ടിൽ എത്തിയെങ്കിലും മൂന്ന് കുട്ടികളിൽ ഒരാളെയും രക്ഷിക്കാനായില്ല. വിനോദിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. കുട്ടികളുടെ മൃതദേഹങ്ങൾ പുതുക്കോട്ടൈ ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്തി. തെളിവുകൾ ശേഖരിക്കാൻ ഫോറൻസിക് സംഘം സ്ഥലത്തെത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam