
ഹാസൻ: ബെംഗളൂരുവിലെ ജീവിത ചെലവുകൾ സംബന്ധിച്ച വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരുടെ അനുഭവങ്ങൾ പലപ്പോഴായി വൈറലായിട്ടുണ്ട്. എന്നാൽ തെരുവിൽ പാനി പൂരി വിറ്റുകൊണ്ട് കർണാടകയിലെ ഹാസനിൽ ഇരുനില വീട് പണിത കച്ചവടക്കാരൻ സമൂഹമാധ്യമങ്ങളിൽ വൈറൽ. വലിയ നഗരങ്ങളിൽ ബജിയും ബോണ്ടയും വിൽക്കുന്നത് ചെറിയ കച്ചവടമാണെന്ന് കരുതുന്നവർക്ക് വലിയ സന്ദേശമാണ് ഹാസൻ ജില്ലയിലെ ഗ്രാവണബെലഗോള സ്വദേശിയായ യുവാവ് നൽകുന്നത്. പാനീപൂരി വിറ്റ് കെട്ടിയ സ്വന്തം വീടിന് പാനി പൂരി നിലയ എന്നാണ് യുവാവ് പേര് നൽകിയിരിക്കുന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഹാസനിൽ ഒരു ഇരുനീല വീടാണ് യുവാവ് പണിതത്. 35 ലക്ഷം രൂപ ചെലവിലാണ് വീട് പണി തീർത്തത്.
കാർ പാർക്ക് ചെയ്യാനുള്ള സൗകര്യം, താഴത്തെ നിലയിൽ ഒരു മുറി, ഹാൾ, അടുക്കള എന്നിവയും മുകളിൽ രണ്ട് മുറികളും ഒരു ചെറിയ മുറിയുമുണ്ട് ഇരുനില വീട്ടിൽ. പൊടിയും ചൂടും മഴയും ക്ഷീണവും എല്ലാം സഹിച്ച് പണത വീടാണ് ഇതെന്നാണ് യുവാവ് വിശദമാക്കുന്നത്. രാവിലെ മുതൽ പാനിപൂരി ഉണ്ടാക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങണം. വൈകുന്നേരം ആളുകളെത്തുമ്പോൾ അവരെ ഒട്ടും കാത്തുനിർത്താതെ വേഗത്തിൽ പാനിപൂരി നൽകണം. ഈ കഷ്ടപ്പാടുകൾക്കെല്ലാമുള്ള ഫലമാണ് ഈ വീടെന്നും യുവാവ് അഭിമാനത്തോടെ പറയുന്നത്.
ദിവസവും കിട്ടുന്ന ലാഭത്തിൽ നിന്ന് ഒരു പങ്ക് നീക്കി വച്ചാണ് വീട് പണിതത്. ബെംഗളൂരു നഗരത്തിന്റെ പ്രലോഭനങ്ങളിൽ വീഴാതെ അച്ചടക്കത്തോടെ അനാവശ്യ ചെലവുകൾ ഒഴിവാക്കി പണം സ്വരൂപിച്ചാൽ ആർക്കും ലക്ഷ്യം നേടാനാകുമെന്നാണ് യുവാവ് പറയുന്നത്. വൻകിട കമ്പനികളിൽ രാവും പകലും പണിയെടുക്കുന്നവർക്ക് പോലും ചിലപ്പോൾ ഇത്രയും വരുമാനം ഉണ്ടാക്കാൻ കഴിഞ്ഞെന്ന് വരില്ലെന്നാണ് നേട്ടത്തോട് സാമൂഹ്യ മാധ്യമങ്ങളിലെ പ്രതികരണം. വഴിയോര കച്ചവടം വെറും കച്ചവടമല്ല അടിപൊളി സ്റ്റാർട്ട് അപ്പ് തന്നെയെന്നാണ് യുവാവിന്റെ മാതൃക നൽകുന്ന സന്ദേശം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam