
താനെ: സഹോദരനും സഹോദരഭാര്യയും ആത്മഹത്യ ചെയ്ത സംഭവത്തിൽ നീതി നിഷേധിക്കുന്നുവെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ താനെയിൽ മധ്യവയസ്കൻ സ്വന്തം കൈവിരൽ വെട്ടി മാറ്റി. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചവരെ പൊലീസ് സംരക്ഷിക്കുകയാണെന്ന് ആരോപിച്ചായിരുന്നു ഈ വിധമുള്ള പ്രതിഷേധം. വിരൽ നരേന്ദ്രമോദിക്കും മുഖ്യമന്ത്രിക്കും സമർപ്പിക്കുന്നതായി വിഡിയോ സന്ദേശത്തിൽ ഇയാൾ പറയുന്നുണ്ട്.
താനെ സ്വദേശി ധനഞ്ജയ് നാനാവരെയാണ് കൈവിരൽ വെട്ടിമാറ്റിയത്. ജൂൺ ഒന്നിനാണ് സഹോദരൻ നന്ദകുമാറും ഭാര്യ ഉജ്വലയും കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തത്. മരണത്തിലേക്ക് നയിച്ചവരെക്കുറിച്ച് വീഡിയോ സന്ദേശവും ഒരു കത്തും ഇവർ തയ്യാറാക്കി വച്ചിരുന്നു. പൊലീസ് കേസെടുത്തെങ്കിലും ഇന്നേ ദിവസം വരെയും ഒരു തുടർ നടപടിയും ഉണ്ടായില്ലെന്നാണ് ധനഞ്ജയ് ആരോപിക്കുന്നത്.
ബിജെപി എംഎൽഎ പപ്പുകലാനിയുടെ പിഎ ആയിരുന്നു ആത്മഹത്യ ചെയ്ത നന്ദകുമാർ. മുൻപ് ശിവസേന എംഎൽഎയുടെ ഓഫീസിലും ഉണ്ടായിരുന്നു. ഇനിയും നടപടിയുണ്ടായില്ലെങ്കിൽ കൂടുതൽ ശരീരഭാഗങ്ങൾ വെട്ടിമാറ്റുമെന്നും ഇയാൾ ഭീഷണി മുഴക്കി. കൈവിരൽ വെട്ടിമാറ്റിയതിന് പിന്നാലെ നാല് പേരെ പൊലീസ് ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തു. അന്വേഷണം നടന്നു വരികയാണെന്നാണ് പൊലീസ് പറയുന്നത്.
'കേസിൽ ഒരു മന്ത്രിക്ക് പങ്കുണ്ട്, മരിക്കുന്നതിന് മുമ്പ് സഹോദരൻ തന്നോട് ആ പേര് പറഞ്ഞിരുന്നു. എന്നാൽ നടപടിയൊന്നും ഉണ്ടായില്ല. തനിക്ക് നീതി ലഭിക്കുന്നതുവരെ, എല്ലാ ആഴ്‌ചയും ശരീരഭാഗം മുറിച്ച് സർക്കാരിന് അയയ്‌ക്കും'- എന്നുമായിരുന്നു ധനഞ്ജയുടെ വാക്കുകൾ. ഫാൽട്ടൻ സിറ്റി പോലീസ് ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ പൂനെയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഇദ്ദേഹം എന്നും, അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam