
ഒന്നോ രണ്ടോ മിനിറ്റുകൾക്ക് വേണ്ടി ജീവൻ പോലും പണയപ്പെടുത്തി വലിയ സാഹസത്തിന് മുതിരുന്നവരാണ് പലരും. ഓടുന്ന ട്രെയിനിൽ നിന്ന് ചാടുക, ഓടുന്ന ട്രെയിനിലേക്ക് ചാടിക്കയറുക തുടങ്ങിയ അനേകം സാഹസങ്ങളിൽ ഇതുവരെ പരിക്കേറ്റവർക്കും ജീവൻ തന്നെ നഷ്ടമായവർക്കും യാതൊരു കണക്കുമില്ല. സമാനമായ ഒരു സാഹസത്തിന് മുതിർന്ന യുവാവിൻ്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നത്. തെലങ്കാനയിലെ മഹാബുബാബാദിലെ കേശമുദ്രം റെയിൽവെ സ്റ്റേഷനിൽ നിന്നുള്ളതാണ് വീഡിയോ.
റെയിൽവെ സ്റ്റേഷനിൽ പുതുതായി നിർമിച്ച മൂന്നാം ട്രാക്കിൽ നിർത്തിയിട്ട ഗുഡ്‌സ് ട്രെയിനിന് അടിയിലൂടെ മറുവശത്തേക്ക് കടക്കാൻ ശ്രമിച്ച യുവാവിൻ്റേതാണ് വീഡിയോ. ഇയാൾ ട്രെയിനിന് അടിയിലേക്ക് പോയതും ട്രെയിൻ നീങ്ങിത്തുടങ്ങി. പാളത്തിന് നടുവിൽ കിടന്ന യുവാവ് മരണത്തിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.