
ദില്ലി: മൊബൈലിൽ പബ്ജി കളിച്ചുകൊണ്ടിരുന്ന യുവാവ് വെള്ളമാണെന്ന് കരുതി എടുത്തുകുടിച്ചത് സ്വർണ്ണം മിനുക്കാൻ ഉപയോഗിക്കുന്ന കെമിക്കൽ ലായനി. ട്രെയിനിൽ യാത്ര ചെയ്തുകൊണ്ടിരുന്ന സൗരഭ് യാദവ് എന്ന ഇരുപതുകാരനാണ് ഇത്തരത്തിൽ ദാരുണാന്ത്യം സംഭവിച്ചത്. സ്വർണ്ണവ്യാപാരിയായ സന്തോഷ് ശർമ്മ എന്ന സുഹൃത്തിനൊപ്പം യാത്ര ചെയ്യുകയായിരുന്നു സൗരഭ്. വ്യാപാരാവശ്യങ്ങൾക്കായി സന്തോഷ് ആഗ്രയിലേക്ക് പോകുകയായിരുന്നു. ഇരുവർക്കും ഒറ്റ ബാഗേ ഉണ്ടായിരുന്നുള്ളൂ. സ്വർണ്ണം മിനുക്കാനുപയോഗിക്കുന്ന ലായനിയും കുടിവെളളവും ഒരേ ബാഗിലാണ് സൂക്ഷിച്ചിരുന്നത്.
യാത്ര തുടങ്ങിയപ്പോൾ മുതൽ സൗരഭ് മൊബൈലിൽ ഓൺലൈൻ ഗെയിമായ പബ്ജി കളിക്കുകയായിരുന്നുവെന്ന് സന്തോഷ് സാക്ഷ്യപ്പെടുത്തുന്നു. വെള്ളം കുടിക്കാൻ വേണ്ടി കുടിവെള്ളത്തിന്റെ കുപ്പിയ്ക്ക് പകരം എടുത്തത് രാസലായനിയാണ്. പബ്ജിയിൽ ശ്രദ്ധിച്ചിരുന്നത് മൂലം കുപ്പിയിൽ എന്തായിരുന്നുവെന്ന് പരിശോധിക്കാതെ കുടിക്കുകയായിരുന്നു എന്ന് റെയിൽവേ പോലീസ് ഉദ്യോഗസ്ഥനായ വിജയ് സിംഗ് വിശദമാക്കുന്നു.
രാസലായനി ഉള്ളിൽ ചെന്നതിനെ തുടർന്ന് സൗരഭിന്റെ ആരോഗ്യം വളരെപെട്ടെന്ന് വഷളായി. കുറച്ച് സമയത്തിന് ശേഷം സൗരഭ് കുഴഞ്ഞുവീഴുകയും ചെയ്തു. അടുത്ത റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴേയ്ക്കും സൗരഭ് മരിച്ചിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്നും വിജയ് സിംഗ് കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam