ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന ചിക്കനും മട്ടണും കഴിച്ചതിന് പിന്നാലെ ഛർദി; ഒരാൾ മരിച്ചു, മൂന്ന് പേരുടെ നില ഗുരുതരം

Published : Jul 24, 2025, 01:05 PM IST
man dies after eating meat kept in fridge

Synopsis

ഒൻപതംഗ കുടുംബത്തിന് ഭക്ഷ്യവിഷബാധയേറ്റു. ഇതിൽ ഒരാൾ മരിക്കുകയും മൂന്ന് പേർ ഗുരുതരാവസ്ഥയിലാവുകയും ചെയ്തു. ബാക്കിയുള്ളവർ നിരീക്ഷണത്തിലാണ്.

ഹൈദരാബാദ്: ഭക്ഷ്യവിഷബാധയേറ്റ് ഒരു കുടുംബത്തിലെ ഒരാൾ മരിക്കുകയും മൂന്ന് പേർ അതീവ ഗുരുതരാവസ്ഥയിലാവുകയും ചെയ്തു. ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന ബാക്കി വന്ന നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഹൈദരാബാദ് സ്വദേശിയായ കണ്ടക്ടർ ശ്രീനിവാസ് യാദവ് (46) ആണ് മരിച്ചത്.

ശ്രീനിവാസ് യാദവിന്റെ വനസ്ഥലിപുരത്തെ വീട്ടിൽ ബൊനാലു ഉത്സവത്തോടനുബന്ധിച്ച് ഞായറാഴ്ച ചിക്കൻ, മട്ടൻ, ബോട്ടി എന്നിവ പാകം ചെയ്തിരുന്നു. തിങ്കളാഴ്ച കുടുംബം ബാക്കിവന്ന മാംസം ചൂടാക്കി കഴിച്ചു. താമസിയാതെ ഒൻപതംഗ കുടുംബത്തിന് ഛർദ്ദിയും വയറിളക്കവും ഉണ്ടായി. എല്ലാവരെയും സമീപത്തെ ആശുപത്രിയിൽ എത്തിച്ചു.

ശ്രീനിവാസിന്‍റെ ഭാര്യ രജിത, മക്കളായ ലഹരി, ജസ്മിത, അമ്മ ഗൗരമ്മ, രജിതയുടെ സഹോദരൻ സന്തോഷ് കുമാർ, ഭാര്യ രാധിക, അവരുടെ പെൺമക്കളായ പൂർവിക, കൃതജ്ഞ എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച ശ്രീനിവാസ് യാദവ് മരിച്ചു. മൂന്ന് പേർ ഇപ്പോഴും ഗുരുതരാവസ്ഥയിലാണെന്നും മറ്റുള്ളവർ നിരീക്ഷണത്തിലാണെന്നും ഡോക്ടർമാർ അറിയിച്ചു.

പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണ കാരണം കൃത്യമായി പറയാൻ കഴിയൂ എന്ന് വനസ്ഥലിപുരം പൊലീസ് പറഞ്ഞു. ഭക്ഷ്യവിഷബാധയാണ് മരണ കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഫ്രിഡ്ജിൽ സൂക്ഷിച്ച ഭക്ഷണം ഇവർ വീണ്ടും ചൂടാക്കി കഴിക്കുകയായിരുന്നുവെന്നും കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു. ചൂടുള്ള കാലാവസ്ഥയിൽ, ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ബാക്കി വന്ന മാംസം കഴിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ജനങ്ങൾക്ക് നിർദേശം നൽകി.

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം