തമിഴ്നാട്ടിൽ ഒരു കൊവിഡ് മരണം കൂടി; നിയന്ത്രണങ്ങൾ കര്‍ശനമാക്കി, പ്രാര്‍ത്ഥനാ ചടങ്ങിനെത്തിയവരെ അടിച്ചോടിച്ചു

By Web TeamFirst Published Apr 4, 2020, 2:09 PM IST
Highlights

നിയന്ത്രണങ്ങള്‍ മറികടന്ന് 300ലധികം പേരാണ് തെങ്കാശിയില്‍ പ്രാര്‍ത്ഥനാ ചടങ്ങിനെത്തിയത്. പൊലീസ് ലാത്തിവീശിയാണ് പള്ളിയില്‍ നിന്ന് ആളുകളെ പിരിച്ചുവിട്ടത്.

ചെന്നൈ: നിസ്സാമുദ്ദിനില്‍ നിന്ന് തിരിച്ചെത്തിയ ഒരാള്‍ കൂടി തമിഴ്നാട്ടില്‍ മരിച്ചു. സേലത്ത് മരണപ്പെട്ടയാളും കൊവിഡ് ബാധിതനാണോയെന്ന് സംശയിക്കുന്നു. അതേസമയം, രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ നിയന്ത്രണം കര്‍ശനമാക്കി. തെങ്കാശിയില്‍ പ്രാര്‍ത്ഥനാ ചടങ്ങിനെത്തിയവരെ പൊലീസ് അടിച്ചോടിച്ചു.

വില്ലുപുരത്ത് ചികിത്സയിലായിരുന്ന 51 കാരൻ അബ്ദുൾ റഹ്മാനാണ് തമിഴ്നാട്ടില്‍ ഇന്ന് മരിച്ചത്. വില്ലുപുരം സ്വദേശിയായ ഇയാൾ വില്ലുപുരത്തെ സ്കൂൾ ഹെഡ്മാസ്റ്ററാണ്. ഇയാൾ കഴിഞ്ഞ ആഴ്ചയാണ് തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയത്. നാല് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇയാളെ കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിസാമുദ്ദിനിലെ സമ്മേളത്തില്‍ പങ്കെടുത്ത് മാര്‍ച്ച് 18നാണ് 58കാരനായ സേലം സ്വദേശിയും മടങ്ങിയെത്തിയത്. സേലത്ത് നിന്നുള്ള 57 അംഗ സംഘത്തിനൊപ്പം തമിഴ്നാട് എക്സ്പ്രസിലാണ് തിരിച്ചെത്തിയത്. വൃക്കസംബന്ധമായ അസുഖവും പ്രമേഹവും ശ്വാസതടസവുമുണ്ടായിരുന്നു.ഇയാളുടെ കൊവിഡ് പരിശോധനാ ഫലം വന്നിട്ടില്ല. 

സംസ്ഥാനത്തെ പ്രായമായവരും മറ്റ് രോഗങ്ങള്‍ ഉള്ളവരും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് തമിഴ്നാട് ആരോഗ്യ സെക്രട്ടറി ബീലാ രാജേഷ് അറിയിച്ചു. കൊവിഡ് ലക്ഷ്ണം ഉണ്ടായാല്‍ ഉടന്‍ ആശുപത്രിയിലെത്തണമെന്നും ബീലാ പറഞ്ഞു. നിസാമുദ്ദിനില്‍ നിന്ന് തമിഴ്നാട്ടില്‍ മടങ്ങിയെത്തിയ 1130 പേരില്‍ 1103 പേര്‍ ഇപ്പോൾ ഐസൊലേഷനിലാണ്. നിസാമുദ്ദിനില്‍ നിന്ന് തിരിച്ചെത്തിയ ശേഷം പ്രദേശിക പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടത്തിയതിനാല്‍ സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തുകയാണ് വെല്ലുവിളി. പലരും സഹകരിക്കുന്നില്ലെന്ന് ആരോഗ്യവകുപ്പ് ചൂണ്ടികാട്ടി.

നിയന്ത്രണങ്ങള്‍ മറികടന്ന് 300ലധികം പേരാണ് തെങ്കാശിയില്‍ പ്രാര്‍ത്ഥനാ ചടങ്ങിനെത്തിയത്. പൊലീസ് ലാത്തിവീശിയാണ് പള്ളിയില്‍ നിന്ന് ആളുകളെ പിരിച്ചുവിട്ടത്. നിയന്ത്രണങ്ങൾ മറികടന്ന് പ്രാർത്ഥനാ ചടങ്ങിൽ പങ്കെടുത്തവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 300 പേർക്കെതിരെയാണ് കേസെടുത്തത്.

കൊവിഡ് പ്രതിരോധത്തിന് കടുത്ത വെല്ലുവിളി ആവുകയാണ് നിസ്സാമുദ്ദിനീല്‍ നിന്നെത്തിയവരുടെ നീണ്ട സമ്പര്‍ക്ക പട്ടിക. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ച 411പരില്‍ 364ഉം തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍. കണ്ടെയ്ന്‍മെന്‍റ് പദ്ധതിയുടെ ഭാഗമായി തിരിച്ചറിയുന്നവരുടെ സമീപത്തെ എല്ലാ വീടുകളിലും പരിശോധന വിപുലപ്പെടുത്തിയിരിക്കുകയാണ് ആരോഗ്യവകുപ്പ്.ആവശ്യസാധനങ്ങളുടെ വില്‍പ്പന സമയം വെട്ടിചുരുക്കി.
 

click me!