
മുംബൈ: ടിക്കറ്റോ യാത്രാ രേഖകളോ ഒന്നുമില്ലാതെ വിമാനത്താവളത്തിനുള്ളില്‍ കയറി വിമാനത്തിന് അടുത്ത് വരെയെത്തി യുവാവ്. മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ഒരു എയ്‌റോബ്രിഡ്ജിൽ കയറി ഇൻഡിഗോ എയർലൈൻസ് വിമാനത്തിൽ പ്രവേശിക്കാൻ ശ്രമിച്ചപ്പോൾ അലേർട്ട് ആയ സ്റ്റാഫ് സംശയം തോന്നി സിഐഎസ്എഫിനെ വിളിക്കുകയായിരുന്നു.
തുടര്‍ന്ന് യുവാവിനെ സഹാര്‍ പൊലീസിന് കൈമാറുകയും അതിക്രമിച്ചുകടന്ന കുറ്റത്തിന് കേസെടുക്കുകയും ചെയ്തു. മുഹമ്മദ് ഇഷ അലം എന്ന 22കാരനാണ് പിടിയിലായത്. യുവാവിന്‍റെ ഉദ്ദേശം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യുന്നതില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. പ്രഥമദൃഷ്ട്യാ യുവാവ് അസ്വസ്ഥനായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
വിമാനത്താവളത്തിനുള്ളിലെ ആറ് ചെക്ക് പോയിന്‍റുകള്‍ രേഖകള്‍ ഒന്നും കൂടാതെ യുവാവ് എങ്ങനെ താണ്ടിയെന്നതാണ് പൊലീസിനെയും ഞെട്ടിക്കുന്നത്. അലമിനെ എടിഎസും ചോദ്യം ചെയ്യുന്നുണ്ട്. ബിഹാർ സ്വദേശിയായ അലം ബന്ധുക്കൾക്കൊപ്പം താമസിക്കാൻ വേണ്ടി ഖാർഘറിൽ എത്തിയതായിരുന്നു. നഗരത്തിൽ ചുറ്റിക്കറങ്ങിയ ശേഷമാണ് വിമാനത്താവളത്തിൽ എത്തിയത്. എയർപോർട്ടിലെ ഡിപ്പാർച്ചർ ഗേറ്റ് ഏഴില്‍ കൂടെ ഇയാൾ പ്രവേശിക്കുന്നത് സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
ഫെബ്രുവരി 21 ന് രാത്രി 11.42 ഓടെ അകത്ത് കയറുകയും ഫെബ്രുവരി 22 ന് പുലർച്ചെ 1.51 ന് ബോർഡിംഗ് ഗേറ്റ് 70-ബിയിലെത്തുന്നതുമാണ് ക്യാമറയില്‍ പതിഞ്ഞിട്ടുള്ളത്. തുടർന്ന് അലം എയ്‌റോബ്രിഡ്ജിൽ കയറി 6ഇ 1511 എന്ന വിമാനത്തിൽ പ്രവേശിക്കാൻ ശ്രമിച്ചപ്പോൾ ഇൻഡിഗോ എയർലൈൻ ജീവനക്കാർ തടയുകയായിരുന്നു. ടിക്കറ്റോ യാത്രാ രേഖകളോ ഇല്ലാത്തതിനാല്‍ പുലർച്ചെ 2.30ഓടെ ഇയാളെ സിഐഎസ്എഫിന് കൈമാറി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam