
സൂററ്റ്: ട്രേഡിംഗിലൂടെ ലക്ഷങ്ങളുടെ കടബാധ്യതയിലായ യുവാവ് തട്ടിക്കൊണ്ടുപോകൽ നാടകത്തിലൂടെ സ്വന്തം കുടുംബത്തിൽ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചു. ഗുജറാത്തിലെ സൂററ്റിൽ ജിഗ്നേഷ് ലാൽജിഭായ് തലവിയ (30) എന്ന യുവാവാണ് കടം വീട്ടാൻ വഴിയില്ലാതെ പൊലീസിനെ വട്ടംകറക്കിയ നാടകത്തിന് മുതിർന്നത്. എന്നാൽ തട്ടിക്കൊണ്ടുപോകൽ നാടകം പൊളിച്ച് പൊലീസ് ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ സുരക്ഷിതനായി പിടികൂടി.
കഴിഞ്ഞ ജൂൺ 12-നാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. ജൂൺ 11-ന് രാത്രി വീട്ടിൽ നിന്നിറങ്ങിയ ജിഗ്നേഷ് തിരിച്ചെത്താതിരുന്നതിനെ തുടർന്ന് ഭാര്യ ഉത്രാൻ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ പരാതി നൽകി മണിക്കൂറുകൾക്കകം ജിഗ്നേഷിന്റെ ഫോണിൽ നിന്ന് തന്നെ കുടുംബാംഗങ്ങൾക്ക് ഭീഷണി സന്ദേശങ്ങൾ വരാൻ തുടങ്ങിയതോടെ കുടുംബമാകെ ഭയന്നു. ജിഗ്നേഷിനെ മോചിപ്പിക്കണമെങ്കിൽ 50 ലക്ഷം രൂപ നൽകണമെന്നും അല്ലാത്തപക്ഷം കൊലപ്പെടുത്തുമെന്നുമായിരുന്നു സന്ദേശം.
ഭീഷണി സന്ദേശങ്ങൾക്ക് പിന്നാലെ ജിഗ്നേഷിനെ കെട്ടിയിട്ട നിലയിലുള്ള ഒരു വീഡിയോയും വന്നതോടെ കുടുംബവും പൊലീസും വലിയ പരിഭ്രാന്തിയിലായി. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് സൂററ്റ് പോലീസ് അടിയന്തരമായി പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ചു. സാങ്കേതിക വിദഗ്ധരെയും സൈബർ സെല്ലിനെയും ഉൾപ്പെടുത്തി ഡിജിറ്റൽ തെളിവുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ജിഗ്നേഷിന്റെ മൊബൈൽ ഫോൺ ലൊക്കേഷൻ മധ്യപ്രദേശിലെ ഉജ്ജയിനിലാണ് അവസാനം കാണിച്ചതെന്ന് വ്യക്തമായി.
ഇതോടെ അന്വേഷണം മധ്യപ്രദേശിലേക്ക് വ്യാപിപ്പിക്കുകയും അവിടുത്തെ പൊലീസിന്റെ സഹായം തേടുകയും ചെയ്തു. എന്നാൽ ഇതിനിടയിൽ പ്രതി അയച്ച വീഡിയോയും ഡിജിറ്റൽ തെളിവുകളും സൂക്ഷ്മമായി പരിശോധിച്ച പൊലീസിന് ചില പൊരുത്തക്കേടുകൾ തോന്നിത്തുടങ്ങി. വീഡിയോ ചിത്രീകരിച്ചത് ഉജ്ജയിനിൽ വെച്ചല്ലെന്നും ഗുജറാത്തിലെ ഗോദ്രയിലുള്ള ഏതെങ്കിലും രഹസ്യ കേന്ദ്രത്തിൽ വെച്ചാകാമെന്നുമുള്ള നിർണായക വിവരമാണ് പൊലീസിന് ലഭിച്ചത്. ലഭിച്ച പുതിയ സൂചനകളുടെ അടിസ്ഥാനത്തിൽ പൊലീസ് സംഘം ഗോദ്രയിലെ ഹോട്ടലുകളിലും ലോഡ്ജുകളിലും വ്യാപകമായ തിരച്ചിൽ ആരംഭിച്ചു. ഒടുവിൽ ജൂൺ 15-ന് ഗോദ്രയിലെ ഒരു ഹോട്ടൽ മുറിയിൽ സുഖമായി താമസിക്കുകയായിരുന്ന ജിഗ്നേഷിനെ പൊലീസ് സംഘം കണ്ടെത്തി. ഇതോടെ ദിവസങ്ങളായി പോലീസിനെയും കുടുംബത്തെയും മുനമുനയിൽ നിർത്തിയ തട്ടിക്കൊണ്ടുപോകൽ നാടകം മാത്രമാണെന്നും തെളിഞ്ഞു.
താൻ കടബാധ്യതകൾ തീർക്കാൻ വേണ്ടി സ്വന്തമായി മെനഞ്ഞ നാടകമാണിതെന്ന് ജിഗ്നേഷ് സമ്മതിച്ചു. ജൂൺ 11-ന് രാത്രി വീട്ടിൽ നിന്നിറങ്ങിയ ഇയാൾ സ്കൂട്ടർ സൂററ്റിലെ പ്ലാറ്റിനം പോയിന്റിന് സമീപം ഉപേക്ഷിച്ച ശേഷം റിക്ഷയിൽ റെയിൽവേ സ്റ്റേഷനിലെത്തി ഉജ്ജയിനിലേക്ക് വണ്ടി കയറുകയായിരുന്നു. ട്രെയിൻ യാത്രയിലുടനീളം സ്വന്തം ഫോൺ ഓണാക്കിയും ഓഫാക്കിയും പോലീസിനെ തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ ഭാര്യയ്ക്ക് ഭീഷണി സന്ദേശങ്ങൾ അയച്ചതും പിന്നീട് ഗോദ്രയിലെ ഹോട്ടലിലേക്ക് മാറിയതും.
ട്രേഡിംഗിലെ കടുത്ത നഷ്ടമാണ് ഇയാളെ ഈ ചതിക്ക് പ്രേരിപ്പിച്ചത്. മുൻപും സ്റ്റോക്ക് മാർക്കറ്റിൽ വലിയ തുക നഷ്ടപ്പെടുത്തിയ ഇയാളെ കുടുംബാംഗങ്ങൾ പണം നൽകി സഹായിച്ചിരുന്നു. എന്നാൽ വീണ്ടും ഉയർന്ന റിസ്കുള്ള ഓപ്ഷൻസ് ട്രേഡിംഗിലേക്ക് തിരിഞ്ഞ ജിഗ്നേഷിന് 50 ലക്ഷം മുതൽ 60 ലക്ഷം രൂപ വരെ വീണ്ടും നഷ്ടം സംഭവിച്ചു. ഇതോടെയാണ് സ്വന്തം തട്ടിക്കൊണ്ടുപോകൽ നാടകം ആസൂത്രണം ചെയ്തത്. വ്യാജ വിവരങ്ങൾ നൽകി പോലീസിനെ തെറ്റിദ്ധരിപ്പിച്ചതിനും വഞ്ചനയ്ക്കും ഭാരതീയ ന്യായ സംഹിതയിലെ 212, 217, 233 വകുപ്പുകൾ പ്രകാരം ഉത്രാൻ പൊലീസ് ജിഗ്നേഷിനെതിരെ കേസെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam