
ദില്ലി: കേന്ദ്രസർക്കാര്‍ പുതുതായി നടപ്പിലാക്കിയ "എൻഡ് ഓഫ് ലൈഫ്" (EoL) വാഹന നയം കാരണം തൻ്റെ ആഡംബര എസ്‌യുവി തുച്ഛമായ വിലയ്ക്ക് വിൽക്കാൻ നിർബന്ധിതനായതായി ദില്ലി സ്വദേശിയുടെ കുറിപ്പ്. എട്ട് വർഷം പഴക്കമുള്ള ഡീസൽ റേഞ്ച് റോവർ കാര്‍ ഉടമയായ റിതേഷ് ഗാന്ധോത്രയാണ് സർക്കാരിന്റെ ഈ നയം മൂലം ദുരിതത്തിലായത്. കോവിഡ് ലോക്ക്ഡൗൺ സമയത്ത് രണ്ട് വർഷത്തോളം വാഹനം നിർത്തിയിട്ടിന്നു. നിലവിൽ ഇനിയും രണ്ട് ലക്ഷം കിലോമീറ്ററിലധികം ഓടാനുള്ള ശേഷി വാഹനത്തിനുണ്ട് അദ്ദേഹം പറയുന്നു.
നന്നായി പരിപാലിച്ചിരുന്ന തന്റെ പ്രീമിയം കാർ 74,000 കിലോമീറ്റർ മാത്രമാണ് ഓടിയതെന്നും ഗാന്ധോത്ര എക്സിൽ കുറിച്ചു. 2018-ൽ 55 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഈ വാഹനം, ഡീസൽ നിരോധനം കാരണം തുച്ഛമായ വിലയ്ക്ക് വിൽക്കാൻ നിർബന്ധിതനാകുകയാണ്. "തന്റെ കാര്‍ വാങ്ങി എട്ട് വർഷമായി, ഒരു ഡീസൽ വാഹനമാണ്. വളരെ ശ്രദ്ധയോടെ പരിപാലിച്ചു, 74,000 കിലോമീറ്റർ മാത്രമാണ് ഓടിയത്. കോവിഡ് സമയത്ത് രണ്ട് വർഷം ഷെഡ്ഡിലായിരുന്നു. അറ്റകുറ്റപ്പണികളൊന്നും കൂടാതെ 2 ലക്ഷം കിലോമീറ്ററിലധികം ഇനിയും ഓടാനുള്ള ശേഷിയുണ്ട്. എന്നാൽ തലസ്ഥാനത്ത് 10 വർഷം പ്രായമായ ഡീസൽ വാഹന നിരോധനം കാരണം, ഞാനിത് വിൽക്കാൻ നിർബന്ധിതനായിരിക്കുന്നു, അതും ദില്ലിക്ക് പുറത്തുള്ളവർക്ക് തുച്ഛമായ വിലയ്ക്ക്, എന്നുമാണ് അദ്ദേഹം എക്സിൽ കുറിച്ചത്.
ഇതേ വിഭാഗത്തിലുള്ള പുതിയ വാഹനത്തിന് വലിയ വില നൽകേണ്ടി വരമെന്നും ഗാന്ധോത്ര ചൂണ്ടിക്കാട്ടി. പുതിയൊരെണ്ണം വാങ്ങുമ്പോൾ 45ശതമാനം ജിഎസ്ടിയും സെസ്സും വരുമെന്നതാണ് ദുഖകരമായ മറ്റൊരു കാര്യം. ഇതൊരു ഹരിത നയമല്ല. ഉടമസ്ഥാവകാശത്തിനും സാമാന്യബുദ്ധിക്കും നിരക്കാത്ത നയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
കുറിപ്പ് വൈറലായതോടെ, നിരവധി പേര്‍ നയത്തിനെതിരെ രംഗത്തുവന്നു. ഇത് അന്യായമായ നയമാണെന്നും കൂടുതൽ പ്രായോഗികമായ നയം സ്വീകരിക്കാൻ അധികാരികൾ തയ്യാറാകണമെന്നും മിക്കവരും കുറിച്ചു. മറ്റുചിലരാകട്ടെ പ്രധാനമന്ത്രിയുടെ ഇടപെടലും ആവശ്യപ്പെടുന്നു. പഴയ കാറുകൾക്ക് നല്ല വില നൽകുകയോ അല്ലെങ്കിൽ പുതിയ കാർ വാങ്ങാൻ ആഗ്രഹിക്കുന്ന പഴയ കാർ ഉടമകൾക്ക് കുറഞ്ഞ നികുതിയോ നികുതിയിളവോ നൽകുകയോ ചെയ്യുന്നതുവരെ ഇത് അംഗീകരിക്കാനാവില്ല. എന്തെങ്കിലും ചെയ്യണമെന്നായിരുന്നു മറ്റൊരു കമന്റ്.
കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെൻ്റ് (CAQM) ജൂലൈ 1 മുതൽ 10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കും 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കും ഇന്ധനം നൽകുന്നത് നിരോധിച്ചിരുന്നു. ഫിറ്റ്നസ് ടെസ്റ്റുകൾ പാസായാലും ഈ നിരോധനം ബാധകമാണ്. നിയമം ലംഘിക്കുന്ന വാഹനങ്ങളെ തൽക്ഷണം തിരിച്ചറിയുന്നതിനായി 350-ലധികം പമ്പുകളിൽ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. കണക്കുകൾ അനുസരിച്ച്, ഏകദേശം 62 ലക്ഷം വാഹനങ്ങൾ എൻഡ് ഓഫ് ലൈഫ് വിഭാഗത്തിലാണ്, ഇതിൽ 41 ലക്ഷം ഇരുചക്രവാഹനങ്ങളും 18 ലക്ഷം നാല് ചക്രവാഹനങ്ങളും ഉൾപ്പെടുന്നുണ്ട്.