
ഒഡീഷ: ഭീതി പരത്തി കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിലും ചില നല്ല വാർത്തകൾ ലോകത്തിന്റെ ചിലയിടങ്ങളിൽ നിന്നും എത്തിച്ചേരുന്നുണ്ട്. ഒഡീഷയിൽ കൊവിഡ് 19 പോസിറ്റീവ് ആയിരുന്ന രോഗി സുഖപ്പെട്ട് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയെന്നാണ് ഏറ്റവും പുതിയ ശുഭവാർത്ത. 33 വയസ്സുള്ള യുവാവാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നത് ഒഡീഷയിൽ ഇപ്പോൾ മൂന്ന് കൊവിഡ് 19 രോഗികളാണുളളത്.
ഒഡീഷയിൽ നിന്ന് റിപ്പോർട്ട് ചെയ്ത ആദ്യ കൊവിഡ് 19 രോഗിയാണിത്. ഭുവനേശ്വറിൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന ഇയാൾ പരിശോധനാ ഫലം നെഗറ്റീവായതിനെ തുടർന്ന് ഡിസ്ചാർജ് ആകുകയാണ്. ഇപ്പോൾ മൂന്ന് പേരാണ് കൊവിഡ് ബാധിതരായി അവശഷിക്കുന്നത്. ഒഡിഷ ആരോഗ്യ വകുപ്പ് ട്വീറ്റിൽ വ്യക്തമാക്കി. മാർച്ച് 12 ന് ഇറ്റലിയിൽ നിന്നും മടങ്ങിയെത്തിയതിന് ശേഷമാണ് ഇയാൾക്ക് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചത്. ഭുവനേശ്വറിലെ ആശുപത്രിയിലാണ് ഇയാൾ ചികിത്സിച്ചത്.
കൊവിഡ് 19 ലക്ഷണങ്ങളുണ്ടെന്ന് സംശയിക്കുന്ന ആളുകൾ ആശുപത്രികൾ സന്ദർശിക്കരുതെന്നും പകരം 104 ലേക്ക് വിളിച്ചാൽ മതിയെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഈ നമ്പറിൽ ഡോക്ടേഴ്സിനെ ലഭ്യമാകുമെന്നും ആവശ്യമായ നിർദ്ദേശങ്ങൾ ഫോണിലൂടെ ലഭ്യമാകുമെന്നും നാഷണൽ ഹെൽത്ത് മിഷൻ ഡയറക്ടർ ശാലിനി പാണ്ഡേ പറഞ്ഞു. മരുന്നുകളും മറ്റ് നിർദ്ദേശങ്ങളും ആരോഗ്യപ്രവർത്തകർ നൽകും. പരിശോധനയിൽ കൊറോണ വൈറസ് പോസിറ്റീവ് എന്ന് കണ്ടാൽ അവർ തന്നെ വാഹനവുമായി എത്തി സർക്കാർ ആശുപത്രിയിൽ എത്തിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam