
കൊല്‍ക്കത്ത: പ്രണയിച്ച പെണ്‍കുട്ടിയെ സ്വന്തമാക്കാന്‍ യുവാവ് സ്വീകരിച്ചത് വ്യത്യസ്‌തമായ സമരമുറ. കാമുകിയുടെ വീട്ടുപടിക്കല്‍ ഉപവാസവും ധര്‍ണയും നടത്തിയ യുവാവിന്റെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ കീഴടങ്ങുകയല്ലാതെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് വേറെ മാര്‍ഗമുണ്ടായിരുന്നില്ല.
പശ്ചിമബംഗാളിലെ ദുഗ്‌പുരിയിലാണ് വേറിട്ട പോരാട്ടത്തിലൂടെ അനന്തബര്‍മന്‍ എന്നയുവാവ്‌് പ്രണയിനിയെ സ്വന്തമാക്കിയത്. അനന്തബര്‍മ്മനും ലിപികയും എട്ട് വര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍, കുറച്ചുനാളുകള്‍ക്ക് മുമ്പ് കാരണങ്ങളൊന്നുമില്ലാതെ ലിപിക ഇയാളില്‍ നിന്ന് അകന്നു. വിളിച്ചാല്‍ ഫോണെടുക്കാതെയായി, നേരിട്ട് സംസാരിക്കാനും തയ്യാറായില്ല. അന്വേഷണത്തില്‍ ലിപികയുടെ വീട്ടുകാര്‍ അവള്‍ക്ക് വേറെ വിവാഹം ഉറപ്പിച്ചതായി അനന്തബര്‍മ്മന് മനസ്സിലായി.
തുടര്‍ന്ന് ഇയാള്‍ ലിപികയുടെ വീട്ടുപടിക്കല്‍ ധര്‍ണ തുടങ്ങി. ആഹാരം പോലും ഉപേക്ഷിച്ചായിരുന്നു ധര്‍ണ. എന്റെ എട്ട് വര്‍ഷങ്ങള്‍ തിരികെത്തരൂ എന്ന് എഴുതിയ പ്ലക്കാര്‍ഡും കയ്യില്‍ പിടിച്ചായിരുന്നു ധര്‍ണ. വളരെപ്പെട്ടന്ന് തന്നെ യുവാവിന്റെ ധര്‍ണ ശ്രദ്ധിക്കപ്പെട്ടു. വിഷയത്തില്‍ നാട്ടുകാരും ജനപ്രതിനിധികളുമൊക്കെ ഇടപെട്ടു. എല്ലാവരും യുവാവിന് പിന്തുണയുമായി രംഗത്തെത്തി.ലിപികയുമായി വിവാഹം ഉറപ്പിച്ചിരുന്ന യുവാവും വിവരമറിഞ്ഞ് സ്ഥലത്തെത്തി. എന്നാല്‍. പൊലീസെത്തി പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടും ധര്‍ണ അവസാനിപ്പിക്കാന്‍ അനന്തബര്‍മ്മന്‍ തയ്യാറായില്ല.
നിരാഹാരം തുടര്‍ന്ന അനന്തബര്‍മ്മന്റെ ആരോഗ്യനില വഷളാവുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തു. ഒടുവില്‍, അനന്തബര്‍മ്മനെ വിവാഹം ചെയ്യാന്‍ ലിപികയും വിവാഹം നടത്തിക്കൊടുക്കാന്‍ വീട്ടുകാരും സമ്മതിച്ചു. അടുത്ത ദിവസം തന്നെ വീടിന് സമീപത്തുള്ള ക്ഷേത്രത്തില്‍ വച്ച് ഇരുവരും വിവാഹിതരായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam