'കടുവാക്കുഞ്ഞുങ്ങൾ വിൽപനയ്ക്ക്', സാമൂഹിക മാധ്യമങ്ങളിൽ പരസ്യവുമായി യുവാവ്; കയ്യോടെ പൊക്കി വനം വകുപ്പ്

By Web TeamFirst Published Sep 9, 2022, 7:52 PM IST
Highlights

തന്റെ പക്കൽ കടുവാക്കുഞ്ഞുങ്ങൾ ഇല്ലെന്നും പൂച്ചക്കുട്ടികളെ നിറമടിച്ച് കൊടുക്കാനായിരുന്നു പരിപാടിയെന്നും പിടിയിലായ പാർത്ഥിപന്റെ മൊഴി

ഇടുക്കി: കടുവാക്കുഞ്ഞുങ്ങൾ വിൽപനയ്ക്കുണ്ടെന്ന് കാണിച്ച് സാമൂഹിക മാധ്യമത്തിൽ പരസ്യം നൽകിയ യുവാവിനെ തമിഴ‍്നാട് വനം വകുപ്പ് പിടികൂടി. തിരുവണ്ണാമലൈ ആരണി സ്വദേശി പാർത്ഥിപൻ ആണ് വനം വകുപ്പിന്റെ പിടിയിലായത്. മൂന്നു മാസം പ്രായമായ കടുവാക്കുഞ്ഞങ്ങളെ വിൽക്കാനുണ്ടെന്നും ഒരെണ്ണത്തിന് 25 ലക്ഷം രൂപ വില വരുമെന്നും കാണിച്ചാണ് പാർത്ഥിപൻ സാമൂഹിക മാധ്യമങ്ങളിൽ പരസ്യം നൽകിയത്. പണം നൽകിയാൽ പത്തു ദിവസത്തിനകം എത്തിച്ചു നൽകുമെന്നായിരുന്നു വാഗ്ദാനം. മൂന്ന്  കടുവാക്കുഞ്ഞുങ്ങൾക്കി സ്റ്റീൽ പാത്രത്തിൽ ആഹാരം നൽകുന്ന ചിത്രവും ഇതിനൊപ്പമുണ്ടായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥർ ആവശ്യക്കാരെന്ന വ്യാജേന ഇയാളെ ബന്ധപ്പെട്ടു. വനം വകുപ്പ് അന്വേഷണം തുടങ്ങിയെന്നറിഞ്ഞ പാർത്ഥിപൻ ഒളിവിൽ പോയി. ഉദ്യോഗസ്ഥരെത്തി ഇയാളുടെ വീടും പരിസരവും പരിശോധിച്ചെങ്കിലും കടുവാക്കുഞ്ഞുങ്ങളെയൊന്നും കണ്ടെത്താൻ സാധിച്ചില്ല. അന്വേഷണം തുടർന്ന വനംവകുപ്പ് ഉദ്യോഗസ്ഥർ  വെല്ലൂർ ചർപ്പണമേടിൽ നിന്ന് പാർത്ഥിപനെ പിടികൂടി. 

തന്റെ പക്കൽ കടുവാക്കുഞ്ഞുങ്ങൾ ഇല്ലെന്നും പൂച്ചക്കുട്ടികളെ നിറമടിച്ച് കൊടുക്കാനായിരുന്നു പരിപാടിയെന്നും പ്രതി മൊഴി നൽകിയതായി തമിഴ‍്‍നാട്  വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. അമ്പത്തൂർ സ്വദേശിയായ തമിഴൻ എന്ന സുഹൃത്താണ് കടുവാക്കുഞ്ഞുങ്ങളുടെ ചിത്രം തനിക്ക് നൽകിയതെന്നാണ് പാർത്ഥിപൻ പറഞ്ഞത്. ഇയാൾ ഒഴിവിലാണ്. എന്നാൽ അന്വേഷണത്തിൽ ഇത്തരത്തിൽ നിറമടിച്ച പൂച്ചകളെയും കണ്ടെത്തിയിട്ടില്ല. മൊഴികളിലെ വൈരുദ്ധ്യം വനവകുപ്പ് പരിശോധിക്കുന്നുണ്ട്. ചിത്രത്തിലുള്ളത്  കടുവക്കുഞ്ഞുങ്ങൾ തന്നെയാണെന്ന നിഗമനത്തിലാണ് വനംവകുപ്പ് അന്വേഷണം നടത്തുന്നത്.  ഓൺലൈൻ തട്ടിപ്പിനാണ് ശ്രമം നടത്തിയതെന്ന് കണ്ടെത്തിയാൽ കേസ് പോലീസിന് കൈമാറും. ഇതിനായി ചിത്രത്തിൽ എഡിറ്റിംഗ് നടത്തിയിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
 

click me!