
ജയ്പൂര്‍: പാമ്പു കടിയേറ്റ ഭാര്യയൊടൊപ്പം എത്തിയ ഭര്‍ത്താവിനെ കണ്ട് ആശുപത്രി അധികൃതര്‍ ഞെട്ടി.രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. ഭാര്യയെ കടിച്ച പാമ്പ് ഏതെന്ന് അറിയാത്തത് കൊണ്ട്, തല്ലിക്കൊന്ന പാമ്പിനെ കവറിലിട്ടാണ് ഭര്‍ത്താവ് അംബാലാൽ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തിയത്. ജീവനുളള പാമ്പാണെന്ന് കരുതി ആശുപത്രി ജീവനക്കാര്‍ മുറവിളി കൂട്ടുകയും ഇറങ്ങി ഓടുകയുമായിരുന്നു.
ചൊവ്വാഴ്ച രാത്രി ഉറങ്ങുന്ന സമയത്താണ് അംബാലാലിന്റെ ഭാര്യയ്ക്ക് പാമ്പു കടിയേറ്റത്. കടിച്ച പാമ്പ് വിഷമുളളതാണോ എന്ന് അംബാലാലിന് തിരിച്ചറിയാന്‍ സാധിച്ചില്ല. അതിനാല്‍ പാമ്പിനെ തല്ലിക്കൊന്ന് കവറിലാക്കി, അതിനെയും കൊണ്ട് ആശുപത്രിയില്‍ എത്തുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ഏതു പാമ്പാണ് കടിച്ചതെന്ന് ഡോക്ടർമാർ ചോദിച്ചു. എന്നാല്‍ പാമ്പ് ഏതാണെന്ന് തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യത്തില്‍ പാമ്പിനെ സൂക്ഷിച്ചിരുന്ന കവര്‍ അംബാലാൽ കാണിച്ചു. ഇതോടെ ജീവനക്കാര്‍ ഭയം കൊണ്ട് അലറി വിളിക്കുകയും കെട്ടിടത്തില്‍ നിന്ന് പുറത്തേയ്ക്ക് ഓടുകയും ചെയ്തു. പിന്നീടാണ് ചത്ത പാമ്പാണ് കവറില്‍ എന്ന് ജീവനക്കാര്‍ക്ക് മനസിലായത്. ഭാര്യയ്ക്ക് പ്രഥമ ശ്രുശ്രൂഷ നല്‍കി ഉദയ്പൂര്‍ ആശുപത്രിയിലേക്ക് വിദഗ്ദ ചികിത്സയ്ക്കായി മാറ്റിയതായി അംബാലാൽ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam