
കേദാർനാഥ്: അയാൾ മരിച്ചെന്നാണ് വീട്ടുകാരെല്ലാവരും കരുതിയത്, ജമീൽ അഹമ്മദ് അൻസാരി എന്ന അറുപത്തിരണ്ട് വയസ്സുള്ള വൃദ്ധൻ. എന്നാൽ ആറ് വർഷങ്ങൾക്ക് ശേഷം വിധി അയാളെ വീണ്ടും കുടുംബാംഗങ്ങൾക്കൊപ്പമെത്തിച്ചു. കാണാതായവരെ കണ്ടെത്തുന്നതിനായി ഉത്തരാഖണ്ഡ‍് പൊലീസ് രൂപീകരിച്ച ഓപ്പറേഷൻ സ്മൈൽ ആണ് അൻസാരിയെ തിരികെയെത്തിച്ചത്. 2013ൽ കേദാർനാഥിലുണ്ടായ വെള്ളപ്പൊക്കം നിരവധി ജീവനുകൾ അപഹരിച്ചിരുന്നു. അതിലൊരാളായി അൻസാരിയും ഉണ്ടായിരുന്നു എന്നായിരുന്നു വീട്ടുകാരുടെ ധാരണ.
ചമോലി ജില്ലയിലെ ഗോപേശ്വറിലെ വൃദ്ധമന്ദിരത്തിൽ നിന്നാണ് പൊലീസ് അൻസാരിയെ കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് വർഷമായി ഇവിടുത്തെ അന്തേവാസിയായിരുന്നു ഇയാൾ. സ്വന്തം നാടായ സീതാർഗഞ്ചിലേക്ക് തിരികെ വരാൻ പണമില്ലാത്തത് കൊണ്ടാണ് അയാൾ അവിടെത്തന്നെ താമസിക്കാമെന്ന് തീരുമാനിച്ചത്. അൻസാരിയുടെ കുടുംബാംഗങ്ങളെ കണ്ടത്താൻ പൊലീസ് ഉദ്യോഗസ്ഥരാണ് സഹായിച്ചത്. അവർ ഇയാളുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ചിത്രം പ്രചരിച്ചതിനെ തുടർന്ന് അൻസാരിയുടെ മരുമകൻ ഇയാളെ തിരിച്ചറിയുകയായിരുന്നു.
''തിരികെ വരാൻ എന്റെ കൈവശം പണമില്ലായിരുന്നു. പ്രളയം വരുന്ന സമയത്ത് ഞാൻ നിർമ്മാണത്തൊഴിലാളിയായിരുന്നു. കഴിഞ്ഞ മൂന്ന് വർഷങ്ങളായി ഈ വൃദ്ധസദനത്തിലാണ് താമസം. എന്റെ കുടുംബത്തിലേക്ക് തിരികെ വരാൻ സാധിക്കുമെന്ന് ഞാൻ കരുതിയതേയില്ല. തിരിച്ചെത്തിയതിൽ എനിക്ക് വളരെ സന്തോഷം തോന്നുന്നു. ഞാനിനി എങ്ങോട്ടും പോകുന്നില്ല.'' അൻസാരി പറയുന്നു.
ജനുവരി ഒന്നിനാണ് അൻസാരി വീട്ടിൽ തിരികെയെത്തിയത്. ഭാര്യ മോബിൻ അൻസാരിയും മൂത്ത മകനും ഗോപേശ്വറിലെത്തി ഇയാളെ കൂട്ടിക്കൊണ്ടുവരികയായിരുന്നു. ''ഞാൻ അദ്ദേഹത്തെ എല്ലായിടത്തും അന്വേഷിച്ചിരുന്നു. ഉത്തരാഖണ്ഡിലെ പ്രളയത്തിലാണ് അദ്ദേഹത്തെ കാണാതാകുന്നത്. പൊലീസ് ഫോട്ടോ പരസ്യപ്പെടുത്തിയപ്പോൾ ഒരു ബന്ധുവാണ് ഞങ്ങളെ വിവരമറിയിച്ചത്. അദ്ദേഹത്തെ അന്വേഷിക്കാൻ ഞങ്ങൾ ധാരാളം പണം ചെലവാക്കിയിരുന്നു.'' അൻസാരിയുടെ ഭാര്യ മൊബിൻ അൻസാരി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam