
പനാജി: ഉത്തർപ്രദേശിൽനിന്നുള്ള മന്ത്രിയാണെന്ന വ്യാജേന ഗോവൻ സർക്കാർ ഗസ്റ്റ് ഹൗസിൽ താമസിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജ രേഖകൾ സമർപ്പിച്ച് പന്ത്രണ്ട് ദിവസമാണ് സുനിൽ സിംഗ് എന്നയാൾ ഗസ്റ്റ് ഹൗസിൽ താമസിച്ചത്. ഇതിനിടെ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തുമായും സഹകരണ മന്ത്രി ഗോവിന്ദ് ഗവാഡെമായും പ്രതി കൂടിക്കാഴ്ച നടത്തിയിരുന്നു. സുനിലിനൊപ്പം താമസിച്ച നാല് സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് മുതിർന്ന ഗോവ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ പറഞ്ഞു.
പ്രമോദ് സാവന്തുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഉത്തർപ്രദേശിലെ സഹകരണ വകുപ്പ് മന്ത്രി എന്ന് പരിചയപ്പെടുത്തിയാണ് ഗസ്റ്റ് ഹൗസിൽ താമസിച്ചത്. ഇത് തെളിയിക്കുന്നതിനായി രേഖകളും ഈമെയിൽ സന്ദേശങ്ങളും പ്രതി സമർപ്പിച്ചിരുന്നു. പ്രതിക്ക് ഗോവ പൊലീസ് സുരക്ഷയും ഏർപ്പെടുത്തിയിരുന്നു.
മന്ത്രിയെന്ന നിലയിൽ പ്രതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്നായിരുന്നു പ്രമോദ് സാവന്ത് അന്വേഷണത്തിന് ഉത്തരവിട്ടത്. ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ പ്രതി ഉത്തർപ്രദേശിൽനിന്നുള്ള മന്ത്രി അല്ലെന്നും സമർപ്പിച്ച രേഖകൾ വ്യാജമാണെന്നും കണ്ടെത്തി. ഇതിന് പിന്നാലെ ക്രൈംബ്രാഞ്ചിനോട് പ്രതിയെ പിടികൂടാൻ നിർദ്ദേശിക്കുകയായിരുന്നുവെന്നും പ്രമോദ് സാവന്ത് മാധ്യമങ്ങളോട് പറഞ്ഞു.
ഗോവ സഹകരണ മന്ത്രി ഗോവിന്ദ് ഗവാഡെയുമായും പ്രതി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുവരും സഹകരണ വകുപ്പിലെ നിലവിലെ പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്തിരുന്നതായും ഗോവിന്ദ് ഗവാഡെ പറഞ്ഞു. 'പത്ത് മിനിറ്റോളമാണ് ഉത്തർപ്രദേശിൽനിന്നുള്ള മന്ത്രിയാണെന്ന് പറഞ്ഞയാളുമായി സംസാരിച്ചത്. അപ്പോഴെ പ്രതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം വീട്ടിലെത്തിയ ഉടൻ ഉത്തർപ്രദേശിലെ സഹകരണവകുപ്പ് മന്ത്രിയെക്കുറിച്ചുള്ള വിവരങ്ങൾ ഇൻ്റർനെറ്റിൽ തിരയുകയും തന്നെ സന്ദർശിച്ചയാളല്ലെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ, മറ്റ് പ്രശന്ങ്ങളുമായി ബന്ധപ്പെട്ട് തിരക്കായതിനാൽ ആ കാര്യം വിട്ടുപോയെന്നും' അദ്ദേഹം കൂട്ടിച്ചേർത്തു.
സൗത്ത് ഗോവയിലെ കനാകോണ താലൂക്കിലെ ഒരു സ്കൂളിൽ നടന്ന പരിപാടിയിലും മന്ത്രിയാണെന്ന വ്യാജേന പ്രതി പങ്കെടുത്തിരുന്നു. പരിപാടിയുടെ മുഖ്യാഥിതിയായണ് പ്രതിയെ സ്കൂൾ അധികൃതർ ക്ഷണിച്ചിരുന്നത്. ബിജെപി നേതാവും ഗോവ മുൻ സഹകരണ വകുപ്പ് മന്ത്രിയുമായിരുന്ന പ്രകാശ് വിലിപ്പും പരിപാടിയിൽ പങ്കെടുത്തിരുന്നു. അന്വേഷണത്തിൽ ഉത്തർപ്രദേശ് സർക്കാരിന്റെ സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam