
പനാജി: ഉത്തര്‍പ്രദേശില്‍ നിന്നുള്ള മന്ത്രിയെന്ന വ്യാജേന ഗോവയിലെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ താമസിച്ചയാളെ ഗോവ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജ രേഖകളുമായി 10 ദിവസത്തോളം ഗസ്റ്റ് ഹൗസില്‍ താമസിച്ച സുനില്‍ സിങാണ് അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പം ഗസ്റ്റ് ഹൗസില്‍ താമസിച്ച നാല് സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് മുതിർന്ന ഗോവ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ പറഞ്ഞു. 12 ദിവസത്തിന് ശേഷമാണ് ഇവര്‍ പിടിയിലായത്.
ഉത്തര്‍പ്രദേശിലെ സഹകരണ വകുപ്പ് മന്ത്രി ചമഞ്ഞാണ് ഇയാള്‍ ഗസ്റ്റ് ഹൗസില്‍ കയറിക്കൂടിയത്. ഇയാളുടെ സുരക്ഷയ്ക്കായി ഗോവ പൊലീസില്‍ നിന്നും ഒരു ഉദ്യോഗസ്ഥനെയും നിയോഗിച്ചിരുന്നു. മന്ത്രി ചമഞ്ഞെത്തിയ സുനില്‍ സിങ് ഗോവ സഹകരണ മന്ത്രി ഗോവിന്ദ് ഗവാഡെയെ കാണുകയും വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. ഇരുവരും സഹകരണ വകുപ്പിലെ നിലവിലെ പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്തിരുന്നതായും ഗോവിന്ദ് ഗവാഡെ പറഞ്ഞു. പത്ത് മിനിറ്റോളമാണ് സുനില്‍ സിങ് ഗവാഡെയുമായി ചര്‍ച്ച നടത്തിയത്.
പ്രതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം വീട്ടിലെത്തിയ ഉടൻ ഉത്തർപ്രദേശിലെ സഹകരണവകുപ്പ് മന്ത്രിയെക്കുറിച്ചുള്ള വിവരങ്ങൾ ഇൻ്റർനെറ്റിൽ തിരയുകയും തന്നെ സന്ദർശിച്ചയാളല്ലെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ, മറ്റ് പ്രശന്ങ്ങളുമായി ബന്ധപ്പെട്ട് തിരക്കായതിനാൽ ആ കാര്യം വിട്ടുപോയെന്ന് ഗോവിന്ദ് ഗവാഡെ പറഞ്ഞു.
Read More: ജെഎൻയു വിസിയെ പുറത്താക്കണം; വിദഗ്ധ സമിതി അന്വേഷണം കണ്ണിൽ പൊടിയിടാനെന്നും കനയ്യകുമാർ
സുനില്‍ സിങുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഗോവ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഉത്തര്‍പ്രദേശിലെ മന്ത്രിയാണെന്ന് തെളിയിക്കാന്‍ വ്യാജ കത്തുകളും ഇ മെയിലുകളുമാണ് ഇയാള്‍ സമര്‍പ്പിച്ചതെന്ന് കണ്ടെത്തിയതോടെ ഇയാളെ അറസ്റ്റ് ചെയ്യാന്‍ ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെടുകയായിരുന്നെന്ന് ഗോവ മുഖ്യമന്ത്രി പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam