മണ്ണെണ്ണയൊഴിച്ച് കയ്യില്‍ ബോംബുമായി ആത്മഹത്യാഭീഷണി മുഴക്കിയ യുവാവിന്‍റെ ജീവന്‍ രക്ഷിച്ച് മകന്‍

By Web TeamFirst Published Sep 23, 2019, 9:33 AM IST
Highlights

ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ച് കഴുത്തില്‍ നാടന്‍ ബോംബും തൂക്കിയിട്ടായിരുന്നു മണികണ്ഠന്‍ ആത്മഹത്യാഭീഷണി മുഴക്കിയത്. ബന്ധുക്കളും നാട്ടുകാരും നോക്കി നില്‍ക്കെ തെരുവില്‍ വച്ചായിരുന്നു ആത്മഹത്യാഭീഷണി. 

ചെന്നൈ: ജീവനൊടുക്കാന്‍ തുനിഞ്ഞിറങ്ങിയ പിതാവിന്‍റെ ജീവിതം തിരുച്ചുപിടിച്ച് രണ്ട് വയസ്സുള്ള കുഞ്ഞ്. ഭാര്യയുമായി ഒരു വര്‍ഷമായി വേറിട്ടുകഴിയുന്ന തമിഴ്നാട് സ്വദേശിയായ മണികണ്ഠന്‍ കഴിഞ്ഞ ദിവസമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഭാര്യയുമായി ഒന്നിക്കണമെന്ന് മണികണ്ഠന് ആഗ്രമുണ്ടായിരുന്നെങ്കിലും ഇവരുടെ വിവാഹമോചനക്കേസ് നടന്നുകൊണ്ടിരിക്കുകയാണ്.

 ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ച് കഴുത്തില്‍ നാടന്‍ ബോംബും തൂക്കിയിട്ടായിരുന്നു മണികണ്ഠന്‍ ആത്മഹത്യാഭീഷണി മുഴക്കിയത്. ബന്ധുക്കളും നാട്ടുകാരും നോക്കി നില്‍ക്കെ തെരുവില്‍ വച്ചായിരുന്നു ആത്മഹത്യാഭീഷണി. ഇതേസമയം റോഡിന് സമീപത്തുകൂടി പോകുകയായിരുന്ന ഹെഡ്കോണ്‍സ്റ്റബിള്‍ ആണ് മണികണ്ഠന്‍റെ ജീവന്‍ തിരിച്ചുപിടിക്കാന്‍ സഹായമായത്. 

ആള്‍ക്കൂട്ടത്തെ കണ്ട് അവിടെയെത്തിയ പൊലീസുകാരന്‍ കാര്യമന്വേഷിച്ചപ്പോഴാണ് ആത്മഹത്യാശ്രമമാണെന്ന് തിരിച്ചറിഞ്ഞത്. കാര്യങ്ങള്‍ മനസ്സിലാക്കിയപ്പോള്‍ നിര്‍ബന്ധപൂര്‍വ്വം മണികണ്ഠനെ പിടുച്ചുമാറ്റാനല്ല, മറിച്ച് സ്നേഹത്തിലൂടെ തിരിച്ചറിവുണ്ടാക്കാനാണ് അദ്ദേഹം ശ്രമിച്ചത്. 

ഇയാള്‍ ഉടന്‍ തന്നെ തന്‍റെ സഹപ്രവര്‍ത്തകരെ വിവരമറിയിച്ചു. തുടര്‍ന്ന് ഹെഡ്കോണ്‍സ്റ്റബിള്‍, മണികണ്ഠന്‍റെ രണ്ടുവയസ്സുള്ള മകനെ സ്ഥലത്തെത്തിച്ചു. മരണത്തെക്കുറിച്ച് ആലോചിച്ച മണികണ്ഠനെ കുഞ്ഞിനെക്കാണിച്ച് ജീവിതത്തിലേക്ക് തിരിച്ചുവിളിക്കുകയായിരുന്നു അദ്ദേഹം. 

രണ്ട് വയസ്സുള്ള മകനെ കണ്ടതും തന്‍റെ തീരുമാനം തെറ്റാണെന്ന് അയാള്‍ തിരിച്ചറിയുകയായിരുന്നു. എന്നാല്‍ അപ്പോഴാണ് താന്‍ വിഷം കഴിച്ചിട്ടുണ്ടെന്ന് അയാള്‍ വിളിച്ചുപറയുന്നത്. ഉടന്‍ തന്നെ അവിടെയെത്തിയ പൊലീസുകാര്‍ മണികണ്ഠനെ ആശുപത്രിയിലെത്തിച്ചു.

click me!