ദിവസവും 15 കിലോമീറ്റര്‍ ദൂരം വീല്‍ ചെയറില്‍ താണ്ടി താത്കാലിക ജോലിക്കെത്തുന്ന 31 കാരന്‍

By Web TeamFirst Published Aug 19, 2020, 3:34 PM IST
Highlights

ജാര്‍ഗ്രാം കളക്ട്രേറ്റിലെ താത്കാലിക ജീവനക്കാരനാണ് ശാരീരിക പരിമിതികളുള്ള ഈ മുപ്പത്തിരണ്ടുകാരന്‍. ദിവസവും ഓഫീസിലെത്താനായി ജഗ്നാഥിന് വീല്‍ചെയറില്‍ സഞ്ചരിക്കേണ്ടത് 15 കിലോമീറ്റര്‍ ദൂരമാണ്.


കൊല്‍ക്കത്ത: ശാരീരിക പരിമിതിയുള്ളവര്‍ക്ക് ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വരിക വലിയ പ്രയാസങ്ങളാവും. മറ്റുള്ളവര്‍ക്കൊപ്പം തുല്യ അവസരം ലഭിക്കാനായി പ്രയത്നിക്കുന്ന ശാരീരിക പരിമിതിയുള്ള നിരവധിപ്പേരെ നിത്യജീവിതത്തില്‍ കാണാറുമുണ്ട്. പശ്ചിമ ബംഗാളിലെ ഗോപിബല്ലാവ്പൂര്‍ സ്വദേശിയായ ജഗ്നാഥ് മഹത്തോ ഇത്തരം അനുഭവങ്ങളിലൂടെ നിത്യേനയും കടന്നു പോവുന്ന വ്യക്തിയാണ്. വീട്ടില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയുള്ള ഓഫീസിലേക്ക് നിത്യവും വാഹനത്തില്‍ പോയി വരുന്നത് തുച്ഛവരുമാനത്തില്‍ പ്രായോഗികമല്ലാതെ വന്നതോടെ സ്വീകരിച്ച മാര്‍ഗം ദേശീയമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. 

ജാര്‍ഗ്രാം കളക്ട്രേറ്റിലെ താത്കാലിക ജീവനക്കാരനാണ് ശാരീരിക പരിമിതികളുള്ള ഈ മുപ്പത്തിരണ്ടുകാരന്‍. ദിവസവും ഓഫീസിലെത്താനായി ജഗ്നാഥിന് വീല്‍ചെയറില്‍ സഞ്ചരിക്കേണ്ടത് 15 കിലോമീറ്റര്‍ ദൂരമാണ്. ജനിച്ച സമയത്ത് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കിലും ചെറുപ്പകാലം മുതല്‍ തന്നെ ജഗ്നാഥിന്‍റെ ഇരുകാലുകള്‍ക്കും ചലനശേഷിയില്ല. സ്കൂളില്‍ പോവുന്ന കാലം മുതല്‍ താന്‍ ഇഴഞ്ഞാണ് ജീവിക്കുന്നത്. പലപ്പോഴും സുഹൃത്തുക്കള്‍ കരങ്ങളിലെടുത്താണ് തന്നെ ക്ലാസ് മുറിയില്‍ എത്തിച്ചിരുന്നത്. പഠനത്തോട് ഏറെ താത്‍പര്യമുണ്ടായിരുന്ന ജഗ്നാഥ് ബിരുദപഠനം പൂര്‍ത്തിയാക്കാന്‍ ഏറെ കഷ്ടപ്പെട്ടിരുന്നു. നൂറോളം വിദ്യാര്‍ഥികള്‍ക്ക് ട്യൂഷനെടുത്തായിരുന്നു ജഗ്നാഥിന്‍റെ ജീവിതം മുന്നോട്ട് പോയിരുന്നതെന്നും ന്യൂസ് 18 റിപ്പോര്‍ട്ട് വിശദമാക്കുന്നു. 

എന്നാല്‍ 2012ല്‍ ഒരു റോഡ് ഷോയില്‍ പങ്കെടുക്കുന്നതിന് എത്തിയ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ജഗ്നാഥിനെ കണ്ടിരുന്നു. അന്ന് ജഗ്നാഥിന്റെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് തിരക്കിയ മമത ജഗ്നാഥിന്‍റെ ജോലിക്കാര്യം ശ്രദ്ധിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരുന്നു. ആ സംഭവത്തിന് ശേഷം ഏതാനും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി എന്നാല്‍ ജോലിക്കാര്യത്തില്‍ നടപടികളൊന്നുമായില്ല. മൂന്ന് വര്‍ഷത്തെ കാത്തിര്പ്പിനും ഫലമുണ്ടാകാതെ വന്നതോടെ ജഗ്നാഥ് മമത ബാനര്‍ജിയെ പരാതിയുമായി കണ്ടിരുന്നു. ഇതോടെയാണ്  ജാര്‍ഗ്രാം കളക്ട്രേറ്റിലെ താത്കാലിക ജീവനക്കാരനായി ജോലി ലഭിക്കുന്നത്.

ഒരുമാസം 9000 രൂപയാണ് ജഗ്നാഥിന് ലഭിക്കുന്ന വേതനം. അച്ഛനും അമ്മയും ഭാര്യയും അടങ്ങുന്ന കുടുംബത്ത സംരക്ഷിക്കുന്നത് ജഗ്നാഥാണ്. ശാരീരിക പരിമിതി ഒരു സ്ഥിര ജോലിക്ക് തടസമാകാതിരിക്കാനുള്ള കഠിന പ്രയത്നത്തിലാണ് ഇപ്പോള്‍ ജഗ്നാഥുള്ളത്. സാമ്പത്തികമായി ഏറെ പിന്നോക്കമുള്ള ജഗ്നാഥിന് സ്ഥിരമായി വാഹനത്തില്‍ പോവുക പ്രായോഗികമല്ലാതെ വന്നതോടെയാണ് വീല്‍ചെയറിനെ വാഹനമാക്കിയത്. 

click me!