ഐസൊലേഷൻ വാർഡിൽ നിന്നും ബെഡ്ഷീറ്റ് ഉപയോ​ഗിച്ച് രക്ഷപെടാൻ ശ്രമിച്ചു; ആറാംനിലയില്‍ നിന്ന് വീണു മരിച്ചു

By Web TeamFirst Published Apr 6, 2020, 1:48 PM IST
Highlights

 ബഡ്ഷീറ്റും പ്ലാസ്റ്റിക് പാക്കറ്റുകളും ഉപയോ​ഗിച്ച് നിർമ്മിച്ച കയറിലൂടെ ജനാല വഴിയാണ് ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചത്. 

കർണാൽ: കൊവിഡ് 19 രോ​ഗം സംശയിച്ച് ആശുപത്രിയിലെ ഐസോലേഷൻ വാർഡിൽ കഴിഞ്ഞിരുന്ന വ്യക്തി രക്ഷപ്പെടാൻ ശ്രമിക്കവേ കെട്ടിടത്തിൽ നിന്ന് വീണുമരിച്ചു. ഹരിയാനയിലെ കർണാലിലാണ് 55 കാരനായ വ്യക്തി ബെഡ്ഷീറ്റ് ഉപയോ​ഗിച്ച് കെട്ടിടത്തിൽ നിന്ന് താഴേക്കിറങ്ങാൻ ശ്രമിക്കവേ മരണമടഞ്ഞത്. ആശുപത്രിക്കെട്ടിടത്തിലെ ആറാം നിലയിലായിരുന്നു ഐസൊലേഷൻ വാ​ർഡ്. കർണാലിലെ കൽപന ചൗള മെ‍ഡിക്കൽ കോളേജിലാണ് സംഭവം. ബഡ്ഷീറ്റും പ്ലാസ്റ്റിക് പാക്കറ്റുകളും ഉപയോ​ഗിച്ച് നിർമ്മിച്ച കയറിലൂടെ ജനാല വഴിയാണ് ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചത്. 

ഏപ്രിൽ 1 നാണ് പാനിപ്പത്ത് സ്വദേശിയായ ഇയാളെ കൊറോണ വൈറസ് ബധ സംശയിച്ചതിനെ തുടർന്ന് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. പരിശോധന ഫലം ഇതുവരെ പുറത്ത് വന്നിട്ടില്ല. ഈ സംഭവത്തെ തുടർന്ന് ഐസോലേഷൻ വാർഡിലെ സുരക്ഷ സജ്ജീകരണങ്ങളെക്കുറിച്ച് ആശങ്ക ഉയർന്നുവന്നിട്ടുണ്ട്. സമാനമായ സംഭവം ദില്ലി എയിംസിലും ഉണ്ടായിരുന്നു. ഇയാളെ ​ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾക്കും കൊവിഡ് 19 ബാധ സംശയിക്കുന്നുണ്ട്. ഹരിയാനയിൽ 84 പേർക്കാണ് കൊവിഡ് 19 ബാധിച്ചിരിക്കുന്നത്. ഒരാൾ മരിച്ചു. കർണാൽ സ്വദേശിയായ അമ്പത്തെട്ടുകാരനാണ് മരിച്ചത്. അതേ സമയം ഇയാളുടെ പ്രാഥമിക പരിശോധനാ ഫലം നെഗറ്റീവാണ്. അന്തിമ റിപ്പോര്‍ട്ടിനായി കാത്തിരിക്കവേയാണ് രക്ഷപ്പെടാനുള്ള ശ്രമം നടത്തി മരിച്ചത്. 

click me!