
നോയിഡ: കുടുംബത്തിൽ നിരന്തരം ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെടുന്നതിൽ ദൈവത്തോട് ദോഷ്യം തോന്നിയ യുവാവ് ക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്ന വിഗ്രങ്ങൾ തകർത്തു. 27 കാരനായ വിനോദ് കുമാറാണ് ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങൾ തകർത്തത്. സംഭവത്തിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഛത്തർപൂർ ജില്ല സ്വദേശിയായ ഇയാളെ നോയിഡയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാവിലെയാണ് ക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്ന മൂന്ന് വിഗ്രഹങ്ങൾ തകർത്ത നിലയിൽ കണ്ടെത്തിയത്. ക്ഷേത്രത്തിൽ പൂജാരി ഇല്ലെന്നും പരാതിയിൽ നടപടിയെടുക്കുമെന്നും മുൻകരുതൽ നടപടിക്കായി സ്ഥലത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
സംഭവം അന്വേഷിച്ച പൊലീസ് പ്രതി വിനോദ് കുമാറിനെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. വിഗ്രഹങ്ങൾ നശിപ്പിക്കാൻ ഉപയോഗിച്ച ഉപകരണങ്ങളും കണ്ടെടുത്തതായി പൊലീസ് വക്താവ് പറഞ്ഞു. കഴിഞ്ഞ മൂന്ന് നാല് വർഷമായി തന്റെ ഭാര്യയ്ക്കും അഞ്ച് വയസുള്ള കുട്ടിക്കും സുഖമില്ലെന്ന് ചോദ്യം ചെയ്യലിൽ പ്രതി പൊലീസിനോട് പറഞ്ഞു.
താൻ ദൈവത്തോട് പ്രാർത്ഥിച്ചെങ്കിലും അവരുടെ ആരോഗ്യം മെച്ചപ്പെട്ടില്ല. കഴിഞ്ഞ ദിവസം അടുത്ത ബന്ധുവും മരിച്ചു. ഇത് വിനോദിനെ കടുത്ത വിഷാദത്തിലാക്കി. ഇതാണ് വിഗ്രഹങ്ങൾ തകർക്കാൻ ഇയാളെ പ്രേരിപ്പിച്ചത്. ചുറ്റികയും ഉളിയും ഉപയോഗിച്ചാണ് വിഗ്രഹങ്ങൾ തകർത്തത്. പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമം 295 (ആരാധനാലയം അശുദ്ധമാക്കൽ) പ്രകാരം കേസെടുത്തിട്ടുണ്ടെന്നും ഇയാൾ ഇപ്പോൾ ജയിലിലാണെന്നും പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam