Latest Videos

'കോൺ​ഗ്രസിനോട് വിദ്വേഷമില്ല, ഇനി ഞാൻ സ്വതന്ത്രൻ'; നിലപാട് വ്യക്തമാക്കി കപിൽ സിബൽ

By Prasanth RaghuvamsamFirst Published May 26, 2022, 10:23 AM IST
Highlights

''ഞാൻ അതിമാനുഷനല്ല. എന്നാൽ രാജ്യത്തെ ബാധിക്കുന്ന വിഷങ്ങളിൽ എല്ലാവരേയും ഒരു പൊതുനിലപാടിലേക്ക് കൊണ്ടുവരാൻ ശ്രമിക്കും. 2024ൽ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒരു വേദിയിൽ വരാനാവും ശ്രമിക്കുക...''

''ഇപ്പോൾ വരുന്ന വിഷയങ്ങൾ ജനങ്ങൾ നേരിടുന്നവയുമായി ബന്ധമുള്ളതല്ല. ജനങ്ങൾ നേരിടുന്ന ഗൗരവമേറിയ വിഷയങ്ങളാണ്. വിശ്വാസവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ചിലർ ഉന്നയിക്കുന്നത് രാഷ്ട്രീയ ലാഭത്തിനു വേണ്ടിയാണ്. അവയ്ക്ക് രാഷ്ട്രീയമായ ലക്ഷ്യങ്ങളാണുള്ളത്. ഇത് ഞാൻ സ്വതന്ത്ര എംപി എന്ന നിലയ്ക്ക് പാർലമെൻറിൽ ഉന്നയിക്കും'' - കോൺ​ഗ്രസ് പാ‍ർട്ടിയിൽ നിന്ന് രാജിവച്ച ശേഷം കപിൽ സിബലുമായി പ്രശാന്ത് രഘുവംശം നടത്തിയ അഭിമുഖം. 

എന്തു കൊണ്ട് താങ്കൾ കോൺഗ്രസ് വിടാൻ തീരുമാനിച്ചു?

ഞാൻ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാൻ തീരുമാനിച്ചു. പാർലമെൻറിലും പുറത്തും എനിക്ക് പറയാനുള്ളത് പറയാനുള്ള സ്വാതന്ത്ര്യം വേണമായിരുന്നു. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ ചേർന്നിരുന്നെങ്കിൽ എനിക്കാ സ്വാതന്ത്ര്യം കിട്ടില്ലായിരുന്നു.

എന്തിനാണ് സമാജ് വാദി പാർട്ടിക്കൊപ്പം ചേരാൻ, അല്ലെങ്കിൽ അവരുടെ പിന്തുണ വാങ്ങാൻ തീരുമാനിച്ചത്?

ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയിലും ചേർന്നിട്ടില്ല. ഞാൻ സ്വതന്ത്രനായിട്ടാണ് പിന്തുണ വാങ്ങുന്നത്. അഖിലേഷ് യാദവും എസ്പി നേതാക്കളും ആ പിന്തുണ നല്കാനുള്ള മഹാമനസ്കത കാട്ടി. വളരെ ചുരുക്കം പാർട്ടികളെ ആ വിശാലത കാട്ടാറുള്ളു. എൻറെ ശബ്ദം പാർലമെൻറിൽ വേണം എന്നവർക്ക് തോന്നി

എങ്ങനെയാണ് ആ തീരുമാനത്തിലേക്ക് എത്തിയത്. എന്തൊക്കെ ചർച്ചകളാണ് നടന്നത്?

അഖിലേഷുമായുള്ള സംസാരത്തെക്കുറിച്ച് പറയുന്നില്ല. പക്ഷെ എന്താണ് ഫലം എന്ന് നിങ്ങൾ കണ്ടതാണ്

പ്രതിപക്ഷത്തെ യോജിപ്പിക്കണം എന്ന് താങ്കൾ പറയുന്നു. ഇതെങ്ങനെ സാധ്യമാകും?

ഇത് ശ്രമകരമായ ദൗത്യമാണ്. എന്നാൽ എനിക്ക് പ്രതിപക്ഷത്തെ നേതാക്കളുമായി നല്ല ബന്ധമാണ്. അതു കൊണ്ട് ഞാൻ ഇവരെയെല്ലാം ഒന്നിച്ചു കൊണ്ടു വരാനുള്ള നീക്കം നടത്തും. അതിൽ പരാജയപ്പെട്ടേക്കാം. എന്നാൽ ഇതിന് ശ്രമിക്കും

കെസി വേണുഗോപാൽ പറഞ്ഞത് പാർട്ടിയിൽ പലരും വരും പോകും എന്നാണ്. ഇതിനോട് എങ്ങനെ പ്രതികരിക്കും

ഇതിനോട് പ്രതികരിക്കേണ്ടതില്ല. പറഞ്ഞത് ശരിയാണ്. പലരും വരും പോകും.

അപ്പോൾ കോൺഗ്രസിനോടോ നേതാക്കളോടോ ഒരു വിദ്വേഷവും ഇല്ലാതെയാണ് പടിയിറങ്ങുന്നത് എന്നാണോ?

ഇല്ല. ഒരു വിദ്വേഷവുമില്ല. അത് എൻറെ ഡിഎൻഎയിൽ ഇല്ല. ഞാൻ ഇരുപത് കൊല്ലമായി പാർലമെൻറിലുണ്ട്. ആരോടെങ്കിലും വിദ്വേഷത്തോടെ പെരുമാറുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ?

എന്നാൽ നേരത്തെ ഗാന്ധി കുടുംബം മാറി പുതിയ നേതൃത്വം വരണം എന്ന് താങ്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.....

ഞാൻ നേരത്തെ പറഞ്ഞതൊക്കെ കോൺഗ്രസിലെ അംഗം എന്ന നിലയ്ക്ക്. പാർട്ടിക്ക് പുറത്തു വന്ന സാഹചര്യത്തിൽ അതിനെക്കുറിച്ച് എന്തെങ്കിലും പറയാനോ അതാവർത്തിക്കാനോ ആഗ്രഹിക്കുന്നില്ല.

ജി 23 ഗ്രൂപ്പിന് താങ്കളുടെ ഈ പുറത്തു പോക്ക് ഒരു തിരിച്ചടിയാണോ? ആ ഗ്രൂപ്പിൻറെ ശബ്ദവും മുഖവുമായിരുന്നു താങ്കൾ......

ഞാൻ ഇപ്പോൾ ജി 23ൻറെ ഭാഗമല്ല. ഞാൻ പോകുന്നത് അവർക്ക് തിരിച്ചടിയാണോ എന്ന് അവർക്കേ അറിയാവൂ

അവരുമായി സമ്പർക്കത്തിലാണോ?

ഞാൻ എല്ലാ രാഷ്ട്രീയ പാർട്ടികളിലും ഉള്ളവരുമായി സമ്പർക്കത്തിലാണ്.

രാഹുൽ ഗാന്ധി പറഞ്ഞത് പ്രാദേശിക പാ‍ർട്ടികൾക്ക് ബിജെപിയെ നേരിടാനുള്ള ആശയ അടിത്തറ ഇല്ലെന്നാണ്. ഇതിനോട് താങ്കൾ എങ്ങനെ പ്രതികരിക്കും?

രാഹുൽ ഗാന്ധിക്ക് സ്വന്തം അഭിപ്രായം പറയാം. അതിനെക്കുറിച്ച് ഞാൻ എന്തിന് പ്രതികരിക്കണം?

പ്രാദേശിക പാർട്ടികൾക്ക് കോൺഗ്രസിനെ നേരിടാനുള്ള ആശയ അടിത്തറ ഉണ്ടോ?

പ്രാദേശിക പാർട്ടികൾക്ക് എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു ഇന്ത്യയ്ക്കായി ഒന്നിച്ചു വരാനുള്ള ആശയ അടിത്തറയുണ്ട്. കോൺഗ്രസിനെ പോലുള്ള ദേശീയ പാർട്ടികൾക്കും ഇതുണ്ട്.

താങ്കൾ രാജിവച്ചത് പതിനാറാം തീയതിയാണ്. എന്തുകൊണ്ട് അത് അന്ന് പ്രഖ്യാപിച്ചില്ല?

എന്തിന് ഞാനത് പ്രഖ്യാപിക്കണം? എനിക്ക് അതിനുള്ള ബാധ്യതയില്ല

രാജി നല്കിയിട്ട് സോണിയ ഗാന്ധിയെ കണ്ടോ?

സോണിയ ഗാന്ധിയെ കണ്ടിരുന്നു....

എന്തായിരുന്നു പ്രതികരണം?

എന്തിനാണ് അത് ഞാൻ പുറത്തു പറയുന്നത്? നല്ല സംഭാഷണമാണ് നടന്നത്. അത് സ്വകാര്യമാണ്.

അപ്പോൾ കോൺഗ്രസ് വിടുന്നത് നല്ല അന്തരീക്ഷത്തിലാണോ?

ഉറപ്പായും, അവർ എൻറെ നല്ല സുഹ്യത്തുക്കളായി തുടരുന്നു.  കോൺഗ്രസിൻറെ ആശയവുമായി ഒത്തു പോകുന്നതാണെങ്കിൽ അവർ ചെയ്യുന്നത് ഞാൻ പിന്തുണയ്ക്കും. എൻറെ നിലപാടുകൾ പാർലമെൻറിൽ പറയും. ഞാൻ ആർക്കും എതിരല്ല. രാഷ്ട്രീയം ആശയത്തിൻറെ അടിസ്ഥാനത്തിലുള്ളതാണ്. രാഷ്ട്രീയം മൂല്യങ്ങളുടേതാണ്. ശരിയായ പാതയിലൂടെയുള്ള സഞ്ചാരമാണ്. എനിക്ക് അവസരം കിട്ടുമ്പോൾ അതാണ് ചെയ്യുന്നത്. ഞാൻ അതിമാനുഷനല്ല. എന്നാൽ രാജ്യത്തെ ബാധിക്കുന്ന വിഷങ്ങളിൽ എല്ലാവരേയും ഒരു പൊതുനിലപാടിലേക്ക് കൊണ്ടുവരാൻ ശ്രമിക്കും. രണ്ടായിരത്തി ഇരുപത്തിനാലിൽ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒരു വേദിയിൽ വരാനാവും ശ്രമിക്കുക

താങ്കൾ കേരളവുമായി അടുത്ത ബന്ധമുണ്ടായിരുന്ന വ്യക്തിയാണ്. സിദ്ദിഖ് കാപ്പൻറെ കേസിലുൾപ്പടെ താങ്കൾ ഹാജരായി. അവിടുത്തെ മുൻ സഹപ്രവർത്തകരോട് എന്താണ് പറയാനുള്ളത്?

പോരാടുക, വിഭജന ശക്തികൾക്കെതിരെ ഒന്നിച്ചു പൊരുതുക എന്നതാണ് പറയാനുള്ളത്. ഒരു വേദിയിൽ വരിക

താങ്കൾ കോൺഗ്രസ് ഉൾപ്പടെ എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഒന്നിപ്പിക്കണം എന്നാണോ പറയുന്നത്?

അതെ അതാണ് ആഗ്രഹം. പക്ഷെ ഞാൻ ഒരു ചെറിയ വ്യക്തിയാണ്. മറ്റുള്ളവരുമായി ചേർന്ന് ഇതിന് ശ്രമിക്കും. ഒറ്റയ്ക്ക് എനിക്ക് ഇതൊക്കെ ചെയ്യാൻ കഴിയില്ല. എന്നാൽ ഒരു പ്രക്രിയയുടെ ഭാഗമാകാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്

എന്നാൽ കോൺഗ്രസിനെ മാറ്റി നിറുത്തി ഒരു ഫെഡറൽ മുന്നണി സാധ്യമാണോ?

എന്തിന് അക്കാര്യം നമ്മൾ സംസാരിക്കണം. അങ്ങനെയാരു ചർച്ച പ്രതിപക്ഷ ഐക്യത്തിന് വിഘാതമാകും. കോൺഗ്രസ് മുന്നണിയിൽ ഉണ്ടാകുമോ ഇല്ലേ എന്നൊക്കെ ചോദിക്കുമ്പോൾ പ്രതിപക്ഷത്തിന് ഒന്നിച്ചു വരാനുള്ള അവസരമാണ് ഇല്ലാതാക്കുന്നത്. പ്രതിപക്ഷത്തെ എല്ലാവരുമായും ക്രിയാത്മക ചർച്ചയാണ് ആവശ്യം.

പ്രതിപക്ഷത്ത് ഒരു നേതാവുണ്ടാകുമോ?

പ്രതിപക്ഷത്ത് ഒരു നേതാവുണ്ടാകും. എന്നാൽ ആദ്യം ഒരു യോജിച്ച വേദി ഉണ്ടാക്കുകയാണ് വേണ്ടത്

രാഹുൽ ഗാന്ധിക്ക് നേതാവാകാൻ കഴിയുമോ?

ആർക്കറിയാം? എന്തിനാണ് ഈ ചോദ്യം? ആർക്കു വേണമെങ്കിലും നേതാവാകാം. സ്വീകാര്യതയുണ്ടാവണം എന്നു മാത്രം. അത് പിന്നീട് ഉരുത്തിരിയും

താങ്കൾ ഉത്തർപ്രദേശിൽ നിന്നുള്ള എംപിയായി തെരഞ്ഞെടുക്കപ്പെടാൻ പോകുകയാണ്. ഗ്യാൻവാപി പോലുള്ള വിഷയങ്ങളെക്കുറിച്ച് എന്താണ് നിലപാട്?

ഞാൻ നേരത്തെയും ഉത്തർപ്രദേശിലെ എംപിയായിരുന്നു. ഇപ്പോൾ വരുന്ന വിഷയങ്ങൾ ജനങ്ങൾ നേരിടുന്നവയുമായി ബന്ധമുള്ളതല്ല. ജനങ്ങൾ നേരിടുന്ന ഗൗരവമേറിയ വിഷയങ്ങളാണ്. വിശ്വാസവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ചിലർ ഉന്നയിക്കുന്നത് രാഷ്ട്രീയ ലാഭത്തിനു വേണ്ടിയാണ്. അവയ്ക്ക് രാഷ്ട്രീയമായ ലക്ഷ്യങ്ങളാണുള്ളത്. ഇത് ഞാൻ സ്വതന്ത്ര എംപി എന്ന നിലയ്ക്ക് പാർലമെൻറിൽ ഉന്നയിക്കും. കാരണം ഞാൻ എതെങ്കിലും പാർട്ടിയുടെ ചട്ടക്കൂടിൽ അല്ല. ജനങ്ങളുടെ പ്രശ്നങ്ങളാണ് ആദ്യം പരിഗണിക്കേണ്ടത്. അതിനു പകരം വൈകാരിക വിഷയങ്ങൾ ഉയർത്തുന്നത് അസ്വസ്ഥത പടർത്തും. ഇത് ഒരു രാജ്യത്തിനും ശരിയായ പാതയല്ല.

click me!