
ബറേലി: കഞ്ചാവ് തലയ്ക്ക് പിടിച്ചപ്പോൾ എന്ത് ചെയ്യണം എങ്ങോട്ട് പോകണം എന്നറിയാതെ നിന്ന യുവാവ് അവസാനം സഹായത്തിനായി വിളിച്ചത് നൂറിൽ. വീട്ടിൽ പോകാൻ വാഹനമില്ല, മാത്രമല്ല കയ്യിൽ കാശുമില്ല. നൂറിൽ വിളിച്ച് പൊലീസുകാരോട് വീട്ടിൽ വരെ കൊണ്ടാക്കാമോ എന്ന് ചോദിച്ചു. ഉത്തർപ്രദേശിലെ അമോറ ജില്ലയിൽ ശനിയാഴ്ചയാണ് സംഭവം. സംഭാൽ ജില്ല സ്വദേശിയായ ഇരുപത്തിനാലുകാരനാണ് വീട്ടിലെത്താൻ പോലീസിന്റെ സഹായം തേടിയത്.
പൊലീസ് എത്തി കാര്യം തിരക്കിയപ്പോള്‍ യുവാവ് പരസ്പരബന്ധമില്ലാതെ സംസാരിച്ചു. അതിനെ തുടർന്ന് പൊലീസ് ഇയാളോട് ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ചു. എന്നാൽ യുവാവ് ഇത് നിഷേധിക്കുകയാണുണ്ടായത്. തുടർന്ന് ഇയാളുടെ പോക്കറ്റിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു
കുട്ടിക്കാലം മുതൽ കഞ്ചാവ് വലിക്കുന്ന ശീലമുണ്ടായിരുന്നു എന്ന് പിന്നീട് യുവാവ് പൊലീസിനോട് പറഞ്ഞു. പൊലീസുമായി യുവാവ് സംസാരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്തിനാണ് പൊലീസിനെ വിളിച്ചതെന്ന ചോദ്യത്തിന് കൃത്യമായി യുവാവ് മറുപടി പറയുന്നുണ്ട്. വീട്ടിൽ പോകാൻ പണമില്ലാത്തത് കൊണ്ടാണത്രേ എമർജൻസി നമ്പർ ഡയൽ ചെയ്തത്. സുഹൃത്തിന്റെ ബന്ധുവിനെ കാണാൻ അയാൾക്കൊപ്പം എത്തിയതായിരുന്നു യുവാവ്. കഞ്ചാവ് ലഹരിയാണെന്ന് സമ്മതിക്കാൻ ഇയാൾ തയ്യാറാകുന്നില്ലെന്ന് പൊലീസ് പറയുന്നു. അവസാനം പൊലീസ് ജീപ്പിൽ കയറ്റി ബസ് സ്റ്റോപ്പിൽ കൊണ്ടുപോയി, വീട്ടിലെത്താനുള്ള പണവും നൽകിയിട്ടാണ് പൊലീസുകാർ മടങ്ങിപ്പോയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam