
ഹൈദരാബാദ്: ടോൾ പിരിവിൽ നിന്ന് രക്ഷപ്പെടാൻ വാഹന ഉടമകൾ പല അടവുകളും പുറത്തെടുക്കാറുണ്ട്. ഇതിനായി പ്രസ്, എംഎൽഎ, ജഡ്ജ് തുടങ്ങിയ സ്റ്റിക്കറുകൾ നമ്പർ പ്ലേറ്റിൽ പലരും ഉപയോഗിക്കാറുണ്ട്. എന്നാൽ അവയിൽ നിന്നും വേറിട്ടൊരു തന്ത്രമായിരുന്നു ഹൈദരാബാദിലെ ഒരു വാഹന ഉടമ ചെയ്തത്. കാറില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ എന്നാണ് ഇയാള്‍ പതിപ്പിച്ചിരുന്നത്.
ജീഡിമെട്‌ലയില്‍ നിന്നാണ് പെർമിറ്റ് അയൺ പ്ലേറ്റിൽ 'ap cm jagan' എന്നൊഴുതിയ കാർ ട്രാഫിക് പൊലീസ് പിടികൂടിയത്. ഒക്ടോബര്‍ 19നായിരുന്നു സംഭവം. രജിസ്ട്രേഷന്‍ നമ്പര്‍ പ്ലേറ്റും ഇല്ലാതിരുന്ന കാർ പൊലീസ് പിടിച്ചെടുത്തു. ഹരി രാകേഷ് എന്നയാളുടെതാണ് കാർ.
ടോള്‍ പ്ലാസകളിലെ പിരിവില്‍ നിന്നും പൊലീസ് പരിശോധനയില്‍ നിന്നും രക്ഷപ്പെടാനാണ് ഇത്തരത്തിലൊരു പ്രവൃത്തി ചെയ്തതെന്ന് ഹരി രാകേഷ് പൊലീസിനോട് പറഞ്ഞു. സംഭവത്തിന് പിന്നാലെ രാകേഷിനെതിരെ ട്രാഫിക് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.