ആവശ്യം പണം മാത്രം, ഭർത്താവ് 'കറവ പശു'വായി കാണുന്നുവെന്ന് ഹൈക്കോടതി, യുവതിക്ക് വിവാഹമോചനം

By Web TeamFirst Published Nov 8, 2021, 11:33 AM IST
Highlights

പൊതുവിൽ സ്ത്രീകളുടെ ആ​ഗ്രമാണ് വിവാഹ ശേഷം ഒരു കുടുംബമായി ജീവിക്കുക എന്നത്. എന്നാൽ ഈ കേസിൽ  ഭ‍ർത്താവിന് ഭാര്യയുമൊത്തുള്ള ജീവിതത്തിന് താത്പര്യമില്ലെന്നും ഭാര്യയുടെ വരുമാനത്തോട് മാത്രമാണ് താത്പര്യമെന്നും കോടതി പറഞ്ഞു

ദില്ലി: ഭർത്താവിന്റെ മാനസിക പീഡനത്തിന്റെ പേരിൽ യുവതിക്ക് വിവാഹമോചനം (Divorce) അനുവദിച്ച് ദില്ലി ഹൈക്കോടതി (Delhi Highcourt). ഭാര്യയെ ഒരു കറവ പശു (Cash Cow) ആയിട്ടാണ് അയാൾ കാണുന്നതെന്നും ദില്ലി പൊലീസിൽ ജോലി ലഭിച്ചതിന് ശേഷം മാത്രമാണ് ഭാര്യയോടും താൽപ്പര്യമുണ്ടായതെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് വിപിൻ സംഘി അധ്യക്ഷനായ ബെഞ്ചാണ് യുവതിക്ക് വിവാഹമോചനം അനുവദിച്ചത്. വൈകാരികമായി അടുപ്പമില്ലാത്ത ഭ‍ത്താവിനൊപ്പം ജീവിക്കുന്നത് ഭാര്യയ്ക്ക് മാനസിക വേദനയും ആഘാതവും ഉണ്ടാക്കുമെന്ന് ജസ്റ്റിസ് വിപിൻ സംഘി പറഞ്ഞു.

പൊതുവിൽ സ്ത്രീകളുടെ ആ​ഗ്രമാണ് വിവാഹ ശേഷം ഒരു കുടുംബമായി ജീവിക്കുക എന്നത്. എന്നാൽ ഈ കേസിൽ  ഭ‍ർത്താവിന് ഭാര്യയുമൊത്തുള്ള ജീവിതത്തിന് താത്പര്യമില്ലെന്നും ഭാര്യയുടെ വരുമാനത്തോട് മാത്രമാണ് താത്പര്യമെന്നും കോടതി പറഞ്ഞു. ഭ‍ർത്താവ് തൊഴിൽ രഹിതനും മദ്യപാനിയുമാണെന്നും ശാരീരികമായി ഉപദ്രവിക്കുന്നുണ്ടെന്നും വിവാഹമോചനം ആവശ്യപ്പെട്ട് നൽകിയ ഹ‍ർജിയിൽ സ്ത്രീ ആവശ്യപ്പെട്ടു. നേരത്തെ യുവതിയുടെ വിവാഹമോചനമെന്ന ആവശ്യം കുടുംബ കോടതി തള്ളിയിരുന്നു. 

നിലവിലെ കേസിൽ സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്നതാണ് ഇരുവരുടെയും കുടുംബം. അതേസമയം ഭ‍ർത്താവിന് 19 ഉം ഭാര്യയ്ക്ക് 13 ഉം വയസ്സ് ഉള്ളപ്പോഴാണ് ഇരുവരുടെയും വിവാഹം നടന്നത്. 2005ന് ശേഷവും പരാതിക്കാരിയെ ഭ‍ർത്താവിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയിരുന്നില്ല. 2014 ൽ ദില്ലി പൊലീസിൽ ജോലി ലഭിച്ചതിന് ശേഷം മാത്രമാണ് ഇവരെ ഭ‍ർത്താവിന്റെ വീട്ടിലേക്ക് കൊണ്ടുപോയത്. 

ഭ‍ർത്താവ്, പരാതിക്കാരിയെ ഒരു കറവ പശുവായിട്ടാണ് കണ്ടതെന്നും ദില്ലി പൊലീസിൽ ജോലി ലഭിച്ചതിന് ശേഷമാണ് അവളോട് താൽപ്പര്യം തോന്നിയതെന്നും  വൈകാരിക ബന്ധങ്ങളൊന്നുമില്ലാതെ പ്രതികരിക്കുന്നയാളുടെ അത്തരം ധിക്കാരപരമായ ഭൗതിക മനോഭാവം പരാതിക്കാരിക്ക് മാനസിക വേദനയും ആഘാതവും ഉണ്ടാക്കിയിട്ടുണ്ടാകും. - കോടതി നിരീക്ഷിച്ചു

അതേസമയം വിവാഹമോചനം ആവശ്യപ്പെട്ട യുവതിയുടെ പരാതിയെ കോടതിിൽ ഭർത്താവ് നിഷേധിച്ചു. സുസ്ഥിരമായ ജോലി ഭാര്യയ്ക്ക് ലഭിക്കാൻ പണം മുടക്കി പഠിപ്പിച്ചത് താൻ ആണെന്ന് ഇയാൾ കോടതിയിൽ വാദിച്ചു. എന്നാൽ 2014 വരെ പരാതിക്കാരി മാതാപിതാക്കളോടൊപ്പമാണ് താമസിക്കുന്നത് എന്നതിനാൽ, "അവളുടെ ജീവിതത്തിനും വളർത്തലിനുമുള്ള എല്ലാ ചെലവുകളും അവളുടെ മാതാപിതാക്കൾ വഹിക്കുമായിരുന്നുവെന്ന് വ്യക്തമാണ്", മറിച്ച് തെളിവുകളില്ലെന്നും കോടതി നിരീക്ഷിച്ചു.

click me!